പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ തന്നെ നേടും, വിശദീകരണവുമായി പാർഥിവ് പട്ടേൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'കിവീസ് ടീമിനേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ സംഘം. ടീം സെലക്ഷൻ അത്രയും ഗംഭീരമായിട്ടുണ്ട്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസര്‍മാരെ മറികടക്കുക എന്നത് ന്യൂസിലൻഡിന് ശ്രമകരമാകും'
ജൂൺ 18ന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം കാത്തിരിക്കുന്നത്. തിരക്കുപിടിച്ച ഷെഡ്യൂളുകളാണ് ഇന്ത്യൻ ടീമിനെ ഇനി ഈ വർഷം കാത്തിരിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ സ്‌ക്വാഡ് തന്നെയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. കുറച്ചു ദിവസം മുന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാൻ പോകുന്ന ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് ഇന്ത്യൻ ടീം ജൂൺ 2ന് ഇംഗ്ലണ്ടിലേക്ക് പറക്കും.
ഇന്ത്യൻ ടീമിന്റെ ഫൈനലിനെയും അതിനുശേഷമുള്ള പരമ്പരയെയും സംബന്ധിച്ച് ഒട്ടേറെ പ്രവചനങ്ങൾ ഉയർന്നുവരുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെയ്ൻ വില്യംസൺ നയിക്കുന്ന ശക്തരായ കിവീസിനെതിരെ ഇന്ത്യക്ക് തന്നെയാണ് കിരീടസാധ്യതയെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. 'ഫൈനലില്‍ ഇന്ത്യന്‍ വിജയം ഉറപ്പാണ്. ശക്തമായ ഒരു ടീമാണ് ഇന്ത്യയുടേത്. കിവീസ് ടീമിനേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ സംഘം. ടീം സെലക്ഷൻ അത്രയും ഗംഭീരമായിട്ടുണ്ട്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസര്‍മാരെ മറികടക്കുക എന്നത് ന്യൂസിലൻഡിന് ശ്രമകരമാകും. ഇതിനോടൊപ്പം മുഹമ്മദ് സിറാജും ഉമേഷ് യാദവും കൂടി ഇന്ത്യന്‍ ബൗളിംഗ് നിരക്കൊപ്പം ചേരുമ്പോള്‍ നമ്മുക്ക് യാതൊരു ആശങ്കയുമില്ല'- പട്ടേല്‍ അഭിപ്രായം വിശദമാക്കി.
advertisement
പേസിന് അനുകൂലമായ പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. എന്നാൽ വേനൽക്കാലമായതിനാൽ പിച്ചുകളിൽ വരൾച്ചയുണ്ടാകാനും ഇടയുണ്ട്. ഇത് ബോൾ നന്നായി ടേൺ ചെയ്യാൻ സഹായിച്ചേക്കും. എന്നിരുന്നാലും നാല് സ്പിന്നർമാരെയും ബി സി സി ഐ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിങ്ങ് ലൈനപ്പ് എങ്ങനെ കളിക്കുന്നു എന്നതാണ് വളരെ പ്രധാനമെന്ന് പാര്‍ഥിവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. മുന്‍പ് ഇംഗ്ലണ്ടില്‍ ഒട്ടേറെ റണ്‍സ് അടിച്ചെടുത്ത പരിചയസമ്പത്തുള്ള ബാറ്സ്മാന്മാര്‍ സ്‌ക്വാഡിലുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യന്‍ സ്പിന്‍ കോംബോ എത്ര ശക്തമാണെന്നും പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.
advertisement
'നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അക്‌സര്‍ പട്ടേലായിരുന്നു പരമ്പരയിലെ താരം. ജഡേജക്ക് പകരമാണ് അക്‌സര്‍ ടീമിലെത്തിയത്. ഇപ്പോള്‍ പരിക്ക് മാറി ജഡേജയും രവിചന്ദ്രന്‍ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ടീം ഇന്ത്യ എത്രത്തോളം ശക്തരാണെന്നുള്ളത് ഊഹിക്കാവുന്നതാണ്'- പാര്‍ത്ഥിവ് കൂട്ടിച്ചേർത്തു.
അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന പ്രകടനമാണ് ഇന്ത്യൻ സ്പിന്നർമാർ ഇപ്പോൾ കാഴ്ച വെക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് ചരിത്രവിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ വെച്ചു നടന്ന പരമ്പരയിലും മികവു കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നാല് മത്സര പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും, അക്സര്‍ പട്ടേലും ചേര്‍ന്ന് 59 വിക്കറ്റുകളായിരുന്നു പിഴുതത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2021 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ തന്നെ നേടും, വിശദീകരണവുമായി പാർഥിവ് പട്ടേൽ



