ധോണിയെ ടീമിന്റെ മെന്ററായി ചുമതലപ്പെടുത്തിയതു മുതല്‍ ഗംഭീറിന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു പലരും ഉറ്റുനോക്കിയത്. വൈകാതെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിയിൽ ആയിരുന്നു ഗംഭീര്‍ ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
"ടി20 ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ. ടി20യില്‍ പിന്നാക്കം പോകുന്നവരാണ് ഈ ടീമെന്നു പറയാന്‍ കഴിയില്ല. ടി20യില്‍ ഇന്ത്യ മോശം പ്രകടനം നടത്തുന്നവരാണെങ്കില്‍ പുറത്തു നിന്നും ഒരാളുടെ സഹായം തേടാമായിരുന്നു. അതുകൊണ്ടുതന്നെ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. നന്നായി കളിക്കുന്ന ടീമില്‍ ഒരു സുരക്ഷിത സ്ഥാനം മാത്രമാണ് ധോണിക്കുള്ളത്." ഗംഭീര്‍ വ്യക്തമാക്കി.
advertisement
അതേസമയം, ധോണിയെ ഉപദേശകനായി കൂട്ടുന്നത് നല്ലതു തന്നെയാണെന്ന് ഗംഭീര്‍ പറയുന്നു. "ഇന്ത്യന്‍ ടീമിനെ ഒരുപാട് മല്‍സരങ്ങളില്‍ നയിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദഘട്ടങ്ങളെ എങ്ങനെ മറികടക്കണമെന്നു അദ്ദേഹത്തിനു നന്നായറിയാം. യുവതാരങ്ങളെ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തരം ഘട്ടങ്ങളില്‍ സഹാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ധോണിയെ ഇന്ത്യ കൊണ്ടു വന്നിട്ടുണ്ടാവുക. ധോണിക്ക് ടീമില്‍ ചെയ്യാനുള്ളത് അതുമാത്രമാണ്. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. ഇവരെ തന്റെ അനുഭവസമ്പത്തിലൂടെ പ്രചോദിപ്പിക്കാന്‍ ധോണിക്കാവും.'' ഗംഭീര്‍ വ്യക്തമാക്കി.
ധോണിയെ ടീമിന്റെ മെന്ററാക്കിയതിന്റെ ഒരേയൊരു കാരണമായി എനിക്കു തോന്നുന്നത് ഇതു തന്നെയാണ്. അല്ലാതെ മറ്റെന്തെങ്കിലുമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. കളിക്കാരുടെ മികവിന്റെ കാര്യമെടുത്താല്‍ അതില്‍ ധോണിക്കു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു എനിക്കു തോന്നുന്നില്ല. കാരണം അതിനായി രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘമുണ്ട്. ധോണിയുടെ അനുഭവസമ്പത്ത് മാത്രമാണ് അവിടെ ഉപയോഗത്തിൽ വരുന്നത്, നിർണായക മത്സരങ്ങളിൽ ആയിരിക്കും ഇത് പ്രയോജനത്തിൽ വരികയെന്ന് ഗംഭീർ കൂട്ടിച്ചേർത്തു.
ഒക്ടോബര്‍ 23-നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. 24ന് പാകിസ്താനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.