മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഗോകുലമായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയ ഗോകുലം ഒമ്പതാം മിനിറ്റിൽ തന്നെ കളിയിൽ ലീഡെടുത്തു. ഘാന താരം റഹീം ഒസുമാനുവിന്റെ തകർപ്പൻ ലോങ്ങ് റേഞ്ചറാണ് ഗോകുലത്തിന് മത്സരത്തിൽ ലീഡ് നേടിക്കൊടുത്തത്. എന്നാൽ ഗോകുലത്തിന്റെ ലീഡ് അധിക സമയം പക്ഷെ നീണ്ടുനിന്നില്ല. 30ാ൦ മിനിറ്റിൽ മലയാളി താരം ജെയ്‌നിലൂടെ ആർമി ടീം ഗോകുലത്തെ സമനിലയിൽ പിടിച്ചു. സമനില നേടിയതോടെ ആവേശത്തിലായി ആർമി ടീം 10 മിനിറ്റിനുള്ളിൽ ഗോകുലത്തിന്റെ വലയിലേക്ക് രണ്ടാമത്തെ ഗോളും അടിച്ചു കയറ്റി മത്സരത്തിൽ ലീഡ് നേടിയെടുത്തു. 40ാ൦ മിനിറ്റിൽ ഗോകുലം ഗോളി അജ്മലിന്റെ പിഴവ് മുതലെടുത്ത് താപ്പയാണ് ആർമി റെഡ് ടീമിനെ മുന്നിലെത്തിച്ചത്. തുടർന്ന് ഇരു ടീമുകളും രണ്ടാം പകുതിക്കായി പിരിഞ്ഞു.
advertisement
രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ച ഗോകുലത്തിന് 68ാ൦ മിനിറ്റിൽ അതിനുള്ള ഫലം കിട്ടി. സമനില ഗോളിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗോകുലം താരമായ എല്‍വിസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗോകുലത്തിന്റെ ക്യാപ്റ്റനായ അഫ്ഗാൻ താരം ഷെരീഫിന് ലക്ഷ്യം തെറ്റിയില്ല. ആർമി ടീം ഗോളിയെ മറികടന്ന് പന്ത് വലയിലാക്കി ഗോകുലത്തിന് സമനില ഗോൾ ഷെരീഫ് സമ്മാനിക്കുകയായിരുന്നു.
കളിയുടെ 86ാ൦ മിനിറ്റിൽ ഗോകുലം താരം എം എസ് ജിതിൻ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നിർഭാഗ്യമായി. മത്സരം ജയിക്കാനുള്ള അവസരമാണ് ഗോകുലത്തിന് ഇതിലൂടെ നഷ്ടമായത്.
മത്സരത്തിലെ സമനിലയോടെ ഒരു പോയിന്റുമായി ടൂർണമെന്റിൽ ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം. രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ആർമി റെഡ് ടീം. ടൂർണമെന്റിൽ ഗോകുലത്തിന്റെ അടുത്ത മത്സരം സെപ്റ്റംബർ 16ന് ഹൈദരാബാദ് എഫ്‌സിക്ക് എതിരെയാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ഹൈദരാബാദ് എഫ്‌സി അസം റൈഫിൾസിനെതിരെ തകർപ്പൻ ജയം നേടി. മലയാളി പരിശീലകന്‍ ഷമീലിന്റെ കീഴില്‍ ഇറങ്ങിയ ഹൈദരാബാദ് അസം റൈഫിൾസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
യുവനിരയുമായി ടൂർണമെന്റിൽ മത്സരിക്കാൻ ഇറങ്ങിയ ഹൈദരാബാദ് മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഏഴാം മിനിറ്റിൽ മലയാളി താരം അബ്ദുല്‍ റബീഹ് ആണ് ഹൈദരാബാദിന് ലീഡ് നല്‍കിയത്. റബീഹ് ഹൈദരാബാദിനായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. പിന്നീട് ലാല്‍ചുന്‍നുംഗ (18,89), റോഹ്ലുപുയിയ (21), അരുണ്‍ കുമാര്‍ (28) എന്നിവർ ഹൈദരാബാദിന്റെ ഗോൾ പട്ടിക തികച്ചു.
മത്സരത്തിലെ ജയത്തോടെ മൂന്ന് പോയിന്റ് നേടിയ ഹൈദരാബാദ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അസം റൈഫിൾസ് പുറത്താകലിന്റെ വക്കിലാണ്.