2018 മുതൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തു വരികയാണ് ലോകേഷ് കുമാർ. നെറ്റ് ബൗളറായി തെരഞ്ഞെടുക്കുന്നതിന് ആളുകളെത്തേടി ഡച്ച് ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് സാമൂഹികമാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും 10000 പേരാണ് അപേക്ഷ നൽകിയത്. അതിൽ നാലുപേരെയാണ് ഡച്ച് ടീം തെരഞ്ഞെടുത്തത്. ഇടംകൈയ്യൻ പേസറായ ലോകേഷ് മൊബൈൽ ആപ്ലിക്കേഷനിലൂടെ വീഡിയോകൾ സമർപ്പിക്കുകയായിരുന്നു.
”എന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണിത്. എനിക്ക് ഇതുവരെ ടിഎൻസിഎ മൂന്നാം ഡിവിഷൻ ലീഗിൽ പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല”, ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
advertisement
ബുധനാഴ്ച മുതൽ ഡച്ച് ടീമിന്റെ ക്യാംപിൽ ലോകേഷും പങ്കെടുത്തു വരികയാണ്. ”നെതർലൻഡ്‌സ് ടീമിനുവേണ്ടി നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത് എന്റെ കഴിവിനുള്ള അംഗീകാരമായാണ് തോന്നുന്നത്. ഡച്ച് ടീം അംഗങ്ങൾ എന്നെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സെഷൻ തുടങ്ങുന്നതിന് മുമ്പ് നെറ്റ് ബൗളർമാർക്കായി സ്വീകരണച്ചടങ്ങ് ഉണ്ടായിരുന്നു. ഫ്രീയായി പെരുമാറാനും ഇത് നിങ്ങളുടെ ടീമാണെന്നും കളിക്കാർ ഞങ്ങളോട് പറഞ്ഞു. ഡച്ച് കുടുംബത്തിന്റെ ഭാഗമാണ് ഞാനെന്ന് എനിക്ക് ഇതിനോടകം തന്നെ തോന്നിക്കഴിഞ്ഞു,”ലോകേഷ് പറഞ്ഞു.
ക്യാംപിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലോകേഷ് പറഞ്ഞു. ”പരസ്യം കണ്ടതിനു ശേഷം വെറുതെ പരിശ്രമിച്ചു നോക്കാമെന്ന് കരുതിയതാണ്. ഇടംകൈയ്യൻ ബൗളന്മാർ വളരെക്കുറവായതിനാൽ എനിക്ക് മുൻഗണന ലഭിക്കുമെന്ന് സ്വയം തോന്നിയിരുന്നു. കഴിവുറ്റ സ്പിന്നറെയാണ് നെതർലൻഡ്‌സ് ടീം തിരഞ്ഞു കൊണ്ടിരുന്നത്. വെറുതെ ഒന്ന് പരിശ്രമിച്ചു നോക്കാമെന്ന് കരുതുകയായിരുന്നു,”ലോകേഷ് പറഞ്ഞു.
ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുമ്പോഴും ക്രിക്കറ്റ് തന്റെ സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”കോളേജ് പഠനത്തിന് ശേഷം ഞാൻ ക്രിക്കറ്റിലാണ് ശ്രദ്ധ നൽകിയിരുന്നത്. നാല് വർഷത്തോളം ഞാൻ ക്രിക്കറ്റിനായി മാറ്റിവെച്ചു. 2018-ൽ ജോലി കണ്ടെത്തുകയും അതിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഭക്ഷണം വിതരണം ചെയ്താണ് ഞാൻ വരുമാനം കണ്ടെത്തുന്നത്. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. ജോലി ചെയ്യുന്ന സമയം ഇഷ്ടാനുസരണം മാറാമെന്നതിനാൽ ആവശ്യമുള്ളപ്പോഴൊക്കെ അവധിയെടുക്കാൻ കഴിയും, ”ലോകേഷ് വ്യക്തമാക്കി.