ഗുഡ്ഗാവിൽ നടന്ന ഒരു പരിപാടിയിൽ ഏത് കളിക്കാരന്റെ മനോഭാവമാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. “വിരാട് കോഹ്‌ലിയുടെ മനോഭാവം എനിക്ക് ഇഷ്ടമാണ്, പക്ഷേ അവൻ എല്ലാവരോടും വഴക്കിടും.” ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട് കോഹ്‌ലിയും ഗാംഗുലിയും തമ്മിൽ ശീതസമരം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗാംഗുലിയുടെ പ്രതികരണം. ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട് ഗാംഗുലി ഉയർത്തിയ വാദങ്ങൾ കോഹ്ലി തള്ളിയതോടെയാണ് ഇരുവരും ശീതസമരത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങളിലേക്ക് കൂടിയാണ് വഴിവെച്ചത്.
advertisement
ഒഴിയാതെ ക്യാപ്റ്റൻസി വിവാദം
ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ കോഹ്‌ലിക്ക് പകരമായി രോഹിത് ശർമയെ ബിസിസിഐ ക്യാപ്റ്റൻ ആയി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് രോഹിത്തിന് ഏകദിന ക്യാപ്റ്റൻ സ്ഥാനം കൂടി ബോർഡ് ഏൽപ്പിച്ചു. ഇതോടെ ടെസ്റ്റിൽ മാത്രമായി കോഹ്‌ലിയുടെ ക്യാപ്റ്റൻസി. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയപ്പോൾ താൻ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരുമെന്ന കോഹ്‌ലിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി രോഹിത്തിനെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചതോടെ ആരാധകർ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.
ഇതിന് ശേഷമായിരുന്നു കോഹ്‌ലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലിയും എന്നാൽ തന്നോട് ആരും അത്തരമൊരു ആവശ്യം ഉന്നയിച്ചില്ലെന്ന് പറഞ്ഞ് കോഹ്‌ലിയും രംഗത്ത് വന്നത്. ഇതേ തുടർന്നുണ്ടായ വിവാദങ്ങൾ പുകയുന്നതിനിടെ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പറക്കുകയും ചെയ്തു.
വിവാദങ്ങളോട് പ്രതികരിക്കാതെ ദാദ
ഏകദിനത്തിൽ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്നും മുൻകൂർ ചർച്ചയൊന്നും നടന്നില്ലായിരുന്നുവെന്നും ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും കോഹ്ലി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പ്രസ്താവിച്ച വാദങ്ങൾ തള്ളുന്നതായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ.
അതേസമയം തന്നെ രോഹിത് ശർമയുമായി തനിക്ക് യാതൊരു തരത്തിലും പ്രശ്‌നമില്ലെന്നും ഇക്കാര്യം താൻ പറഞ്ഞ് പറഞ്ഞ് മടുത്തെന്നും ഏകദിന പരമ്പരയിൽ കളിക്കുമെന്നും ബ്രേക്ക് ആവശ്യപ്പെട്ടില്ല എന്നും കോഹ്ലി വെളിപ്പെടുത്തിയിരുന്നു.
Also read- Virat Kohli vs BCCI | ബിസിസിഐക്കെതിരായ കോഹ്‌ലിയുടെ ആരോപണങ്ങൾ; ഒടുവിൽ മൗനം വെടിഞ്ഞ് സൗരവ് ഗാംഗുലി
എന്നാൽ കോഹ്ലി ഉന്നയിച്ച പരാമർശങ്ങളോട് പ്രതികരിക്കാൻ ഗാംഗുലി തയാറായില്ല. കോഹ്‌ലിയുടെ പരാമർശങ്ങളോട് പ്രതികരിക്കാനില്ല എന്ന മറുപടിയാണ് ദാദ നൽകിയത്. നേരത്തെ, കോഹ്‌ലിയുടെ പരാമർശങ്ങൾ വിവാദമായപ്പോൾ വിഷയം ബിസിസിഐ അന്വേഷിക്കുമെന്ന് ആയിരുന്നു ഗാംഗുലി പ്രതികരിച്ചത്.