ആദ്യ ജയം ലക്ഷ്യമിട്ടാണ് ഗോകുലം എഫ്.സി ഹോം ഗ്രൌണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യമാണ് ഗോകുലം പുലർത്തിയത്. വിദേശ താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഷില്ലോങ്ങ്, ഗോകുലത്തിന് മുന്നിൽ ശരിക്കും പകച്ചുപോയി. തുടക്കത്തിലേ ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോകുലത്തിന് ഗോളാക്കാനായില്ല. ഗനിയും രാജേഷും, ജെർമെയ്നുമൊക്കെ ഗോളവസരങ്ങൾ പാഴാക്കി. ഇടയ്ക്ക് ഷില്ലോങ് നടത്തിയ പ്രത്യാക്രമണങ്ങൾ ഗോകുലം നായകനും ഗോൾകീപ്പറുമായ ഷിബിൻരാജിന്‍റെ മുന്നിൽ അവസാനിച്ചു. കാത്തിരിപ്പിനൊടുവിൽ 43-ാം മിനുട്ടിൽ ഗോകുലം ലീഡ് നേടി. ബോക്സിനുള്ളിൽനിന്ന് ഗനി തൊടുത്ത തകർപ്പൻ ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയ്ക്കുള്ളിലാകുകയായിരുന്നു. 1-0 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.
advertisement
രണ്ടാം പകുതിയിൽ കൂടുതൽ മൂർച്ചയുള്ള ആക്രമണമാണ് ഗോകുലം പുറത്തെടുത്തത്. 56-ാം മിനിട്ടിൽ ജെർമെയ്നും 66-ാം മിനിട്ടിൽ രാജേഷും ലക്ഷ്യം കണ്ടതോടെ ഗോകുലം 3-0ന് മുന്നിലായി. ഗനിയുടെ ക്രോസിലൂടെയായിരുന്നു രാജേഷിന്‍റെ തകർപ്പൻ ഗോൾ പിറന്നത്. വിജയം ഉറപ്പിച്ചതോടെ ഗോകുലം താരങ്ങൾ അൽപ്പം അലസരായി. ഇത് ആശ്വാസഗോളിനുള്ള വഴിതുറക്കുകയും ചെയ്തു. 78-ാം മിനിട്ടിൽ ബുവാമിലൂടെയാണ് ഷില്ലോങ് ആശ്വാസഗോൾ കണ്ടെത്തിയത്.
