''എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമായിരിക്കുന്നു ജീവിതത്തിൽ എനിക്കെല്ലാം നേടിത്തന്ന കളിയോട് ഇന്ന് ഞാൻ വിട പറയുമ്പോൾ, 23 വർഷത്തെ ഈ പ്രയാണത്തെ മനോഹരവും, അവിസ്മരണീയവുമാക്കി തീർത്ത എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ നന്ദി."- ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
1998 ൽ ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹർഭജൻ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ചത്. ലോകോത്തര സ്പിന്നർമാർ പിറന്നിട്ടുള്ള ടീമിൽ തന്റേതായ സ്ഥാനം പടുത്തുയർത്താൻ ഹർഭജന് പെട്ടെന്ന് തന്നെ സാധിച്ചു. വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നർമാരിൽ ഒരാളായി മാറാനും ഈ വലം കൈയൻ ഓഫ് സ്പിന്നർക്ക് കഴിഞ്ഞു.
ഇന്ത്യ നേടിയ പല ചരിത്ര വിജയങ്ങളിലും ഹർഭജന്റെ നിർണായക സംഭാവനകൾ ഉണ്ടായിരുന്നു. വർഷങ്ങളോളം ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനങ്ങളിലും തകർപ്പൻ പ്രകടനം നടത്തിയ ഹർഭജൻ ക്രിക്കറ്റിന്റെ പുതുമുഖമായ ടി20യിലും തന്റെ ആധിപത്യം തെളിയിച്ചു. ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യ ജേതാക്കളാകുമ്പോൾ അതിൽ ഹർഭജനും നിർണായക സംഭാവനകൾ നൽകിയിരുന്നു. 2007 ലെ ടി20 ലോകകപ്പിന് ശേഷം 2011ൽ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ടീമിലേയും നിർണായക സാന്നിധ്യമായിരുന്നു താരം.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച താരം ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 711 വിക്കറ്റുകൾ നേടിയ താരത്തിന്റെ പേരിൽ രണ്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളുമുണ്ട്.
Also read- ഹർഭജൻ 2.0; ഐപിഎൽ ടീമിന്റെ പരിശീലകനാകാൻ ഒരുങ്ങി ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ
അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ ഐപിഎല്ലിലും നിർണായക സാന്നിധ്യമായിരുന്നു താരം. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഹർഭജൻ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പം ഐപിഎല്ലിൽ 163 മത്സരങ്ങൾ കളിച്ച ഹർഭജൻ 150 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇടക്കാലത്ത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹർഭജൻ അവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് മികച്ച ബൗളിംഗ് പ്രകടനം. ഐപിഎല്ലിൽ ഒരു അർധസെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. 2015 ലെ ഐപിഎൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയുള്ള (ഇപ്പോൾ പഞ്ചാബ് കിങ്‌സ്) മത്സരത്തിലായിരുന്നു താരത്തിന്റെ ഐപിഎൽ കരിയറിലെ ഏക അർധസെഞ്ചുറി പിറന്നത്. അന്നത്തെ മത്സരത്തിൽ 26 പന്തുകൾ നേരിട്ട് 64 റൺസാണ് താരം അടിച്ചുകൂട്ടിയത്.