കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹസ്സി ഞായറാഴ്ച പുലര്‍ച്ചെ ദോഹ വഴി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഓസ്ട്രേലിയയിലേക്ക് പോയതായി ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യത്രാവിലക്ക് ഓസ്‌ട്രേലിയ പിന്‍വലിച്ചിരുന്നു. ഇതോടെ മാലിദ്വീപില്‍ കഴിഞ്ഞിരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതിയായി. ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത് എന്നിവരുള്‍പ്പെടെ ഐപിഎല്ലിന്റെ ഭാഗമായിരുന്ന മിക്ക ഓസ്‌ട്രേലിയക്കാരും ഇന്നലെ സിഡ്നിയില്‍ എത്തി. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മേയ് 15 വരെ ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ മാലിദ്വീപില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഓസീസ് സംഘം നാട്ടിലേക്ക് മടങ്ങിയത്.
advertisement
ഐപിഎല്ലിനിടെ കോവിഡ് ബാധിച്ച ആദ്യ വിദേശിയായിരുന്നു ഹസ്സി. രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ചികിത്സയിലായിരുന്ന ഹസ്സി ആദ്യം ഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ഭേദമായെന്ന ഫലം വന്ന ശേഷം പിന്നീട് രണ്ടാം ഘട്ട പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തിരിച്ചുപോക്ക് വൈകിയത്. മേയ് ആറിന് ഡല്‍ഹിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഹസ്സിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ നിന്നും വിമാന മാര്‍ഗം ചെന്നൈയിലെത്തിക്കുകയായിരുന്നു. ഹസ്സിയേക്കൂടാതെ ചെന്നൈ ടീമിലെ മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നേരത്തെ, ഐപിഎല്ലിലെ ബയോ ബബിളിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തുകയാണെന്ന് ബിസിസിഐ അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, പ്രസീദ്ധ് കൃഷ്ണ, ടിം സീഫേര്‍ട്ട്, സണ്‍റൈസേഴ്സ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്ര എന്നിവരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കോവിഡ് നെഗറ്റീവായതോടെ അവരുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഹസ്സിയെ കൂടാതെ കോവിഡ് ബാധിതനായ മറ്റൊരു വിദേശി താരമായ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സീഫെര്‍ട്ടും രോഗമുക്തനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ സീഫെര്‍ട്ട് നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. കൊല്‍ക്കത്തയുടെ മറ്റൊരു താരമായ ഇന്ത്യന്‍ യുവ പേസര്‍ പ്രസീദ്ധ് കൃഷ്ണയും രോഗാമുക്തനായി. താരം ഇപ്പൊള്‍ തന്റെ വീട്ടിലാണുള്ളത്. ഇതുകൂടാതെ വൃദ്ധിമാന്‍ സാഹയും രോഗമുക്തമനായിരിക്കുകയാണ്.നിലവില്‍ കൊല്‍ക്കത്തയിലുള്ള സാഹ ഈ മാസം 24ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമില്‍ സാഹയും അംഗമാണ്.