• HOME
 • »
 • NEWS
 • »
 • sports
 • »
 • ധോണിയുടെ നാട്ടിൽ നിന്നും ധോണി സ്റ്റൈൽ മാതൃകയാക്കി ഇന്ദ്രാണി റോയ്; ഇന്ത്യൻ വനിതാ ടീമിലേക്കൊരു വിക്കറ്റ് കീപ്പർ

ധോണിയുടെ നാട്ടിൽ നിന്നും ധോണി സ്റ്റൈൽ മാതൃകയാക്കി ഇന്ദ്രാണി റോയ്; ഇന്ത്യൻ വനിതാ ടീമിലേക്കൊരു വിക്കറ്റ് കീപ്പർ

Indrani Roy gets called to India female cricket team | വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും ഒരുപോലെ വഴങ്ങുന്ന താരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ കടുത്ത ആരാധികയും കൂടിയാണ്

ഇന്ദ്രാണി റോയ്

ഇന്ദ്രാണി റോയ്

 • Share this:
  ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ നാടായ ജാർഖണ്ഡിൽ നിന്നൊരു വിക്കറ്റ് കീപ്പർ. വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും ഒരുപോലെ വഴങ്ങുന്ന താരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ കടുത്ത ആരാധികയും കൂടിയാണ്. ധോണിയുടെ പാത പിന്തുടർന്ന് വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങാനെത്തുന്ന താരത്തിന്റെ പേര് ഇന്ദ്രാണി റോയ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പുതുമുഖ താരം.

  സാക്ഷാൽ ധോണിയിൽ നിന്നും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് ഇന്ത്യൻ ടീമിലേക്കുള്ള ഇന്ദ്രാണിയുടെ വരവ്. ധോണിയേപ്പോലെ വിക്കറ്റിനു പിന്നിൽ മിന്നിത്തിളങ്ങുകയാണ് ലക്ഷ്യമെന്ന് ഇന്ദ്രാണി പറയുന്നു. ആദ്യമായാണ് ഇന്ദ്രാണിക്ക് ദേശീയ ടീമിലേക്ക് വിളി വന്നത്. തന്നെ കൂടുതല്‍ മെച്ചപ്പെട്ട വിക്കറ്റ് കീപ്പറാക്കി മാറ്റിയെടുക്കാന്‍ സഹായിച്ചത് ധോണിയുടെ ഈ ഉപദേശങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാട്ടുകാരി കൂടിയായ ഇന്ദ്രാണി.

  വിക്കറ്റിനു പിന്നിൽ സദാസമയം ജാഗ്രതയോടെ നിൽക്കാൻ ‘ക്യാപ്റ്റൻ കൂളാ’ണ് പഠിപ്പിച്ചതെന്ന് ഇന്ദ്രാണി സാക്ഷ്യപ്പെടുത്തുന്നു. സ്റ്റംപിങിനെക്കുറിച്ച് മണിക്കൂറുകൾ നീണ്ട ധോണിയുടെ പഠനക്ലാസ് ഏറെ ഉപകാരപ്പെട്ടു. വിക്കറ്റ് കീപ്പിങ്ങിലെ മികവും പ്രോത്സാഹനവും താരങ്ങളുടെ ആത്മവിശ്വാസം ഉയർത്താൻ പര്യാപ്തമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തം പ്രകടനത്തിലൂടെ കാണിച്ചു തന്നിട്ടുണ്ടെന്ന് ഇന്ദ്രാണി ചൂണ്ടിക്കാട്ടി.

  'കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വച്ച് പരിശീലനം നടത്തവെ ഞാന്‍ മഹി സാറിനെ (എം.എസ്. ധോണി) കണ്ടിരുന്നു. കളി എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശം തേടുകയും ചെയ്തിരുന്നു. വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോള്‍ റിഫ്‌ളക്‌സുകളും അഞ്ചു മീറ്റര്‍ റേഡിയസിനകത്തെ മൂവ്‌മെന്റും മെച്ചപ്പെടുത്തണമെന്നായിരുന്നു മഹി സാര്‍ ഉപദേശിച്ചത്. വിക്കറ്റ് കീപ്പറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണെന്നും ഇതിനു വേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  ധോണിയുടെ ഉപദേശം എല്ലായ്‌പ്പോഴും താന്‍ മനസ്സില്‍ വയ്ക്കാറുണ്ടെന്നു 23 കാരി പറഞ്ഞു. മഹി സാറിനെപ്പോലെ ഒരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുകയെന്നത് വലിയ അനുഗ്രമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഉപദേശം എനിക്ക്‌ ഒരുപാട് സഹായകവുമായിട്ടുണ്ട്. ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും മഹി സാര്‍ നല്‍കിയ ഉപദേശങ്ങൾ ഓർക്കാറുണ്ട്.' ഇന്ദ്രാണി വിശദമാക്കി.

  "ഞാൻ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. ടീമിലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരില്‍ നിന്നും പലതും പഠിച്ചെടുക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. ദേശീയ ടീമിനോടൊപ്പം എന്റെ ആദ്യത്തെ യാത്രയാണിത്. പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയാണെങ്കില്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും," താരം കൂട്ടിച്ചേര്‍ത്തു.

  ഇന്ദ്രാണിയുടെ സ്വദേശം ബംഗാളാണെങ്കിലും കഴിഞ്ഞ നാലുവർഷമായി ജാർഖണ്ഡ് ടീമിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് സമാപിച്ച സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ഇന്ദ്രാണി. ഈ പ്രകടനം ഇന്ദ്രാണിയെ ജാർഖണ്ഡ് ക്രിക്കറ്റ് ടീമിലെ മികച്ച താരമാക്കി മാറ്റി. എട്ട് മത്സരങ്ങളിൽ നിന്നും 456 റൺസാണ് ഇന്ദ്രാണി അടിച്ചുകൂട്ടിയത്. ഇന്ദ്രാണി നടത്തിയ തർപ്പൻ പ്രകടനത്തിൻ്റെ ബലത്തിൽ ജാർഖണ്ഡ് ടൂർണമെൻ്റിൻ്റെ ഫൈനലിലെത്തുകയും ചെയ്തിരുന്നു.

  2014ൽ ബംഗാൾ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആഭ്യന്തര ക്രിക്കറ്റിൽ ഇന്ദ്രാണി ശ്രദ്ധ നേടുന്നത്. ആ വർഷം ബംഗാളായിരുന്നു അണ്ടർ 19 ചാംപ്യൻമാർ. 2016 വരെ ബംഗാളിനായി കളിച്ച ഇന്ദ്രാണി, 2017ലാണ് ജാർഖണ്ഡിലേക്ക് മാറിയത്. ജാർഖണ്ഡിലെത്തിയ ഇന്ദ്രാണി അണ്ടർ 23 ചാലഞ്ചർ ടീമിൽ ഇടം പിടിച്ചു. 2018ലും 2019ലും യഥാക്രമം ഇന്ത്യാ ബ്ലൂ, ഇന്ത്യ സി എന്നിവയ്ക്കായും കളത്തിലിറങ്ങി.

  വനിതാ ക്രിക്കറ്റിന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന പ്രോത്സാഹനമാണ് ബംഗാളിൽനിന്നും ജാർഖണ്ഡിലേക്ക് മാറാൻ കാരണമായതെന്ന് ഇന്ദ്രാണി വ്യക്തമാക്കി. ഇതിനുപുറമെ ധോണിയോടുള്ള ആരാധനയും കാരണമായി. അദ്ദേഹത്തിൽ നിന്ന് നേരിട്ട് മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ അസോസിയേഷൻ തന്നെ സൗകര്യമൊരുക്കിയത് കരിയറിന് ഏറെ ഗുണകരമായെന്നും ഇന്ദ്രാണി പറയുന്നു.

  ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന സൗകര്യങ്ങളും പരിശീലനവും വളരെ മികച്ചതാണ്. കൂടാതെ സംസ്ഥാനത്ത് നിരവധി പ്രാദേശിക ടൂർണമെന്റുകൾ നടക്കുന്നുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുക്കുന്നതിനാൽ പ്രാദേശിക തലത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താൻ കഴിയുന്നു. അസോസിയേഷൻ തുടക്കമിട്ട ജാർഖണ്ഡ് പ്രീമിയർ ലീഗ് (ജെ.പി.എൽ.) ആദ്യവർഷം തന്നെ ഏറെ ജനപ്രീതി നേടുകയും ചെയ്തു. സീനിയർ വനിതാ ഏകദിന ടൂർണമെന്റ് ആരംഭിക്കുന്നതിനു മുൻപ് ജെ.പി.എൽ. നടന്നത് ഏറെ ഗുണകരമായി എന്നും താരം പറഞ്ഞു.

  ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ ഒരു ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി20 മത്സരങ്ങൾ വീതമാണ് കളിക്കുന്നത്. ഏകദിന, ടെസ്റ്റ് ടീമുകളെ വെറ്ററൻ താരം മിതാലി രാജും ട്വന്റി20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.

  Summary: Indrani Roy receives a maiden call to the India female cricket team. 
  The wicket-keeper hails from Dhoni's Jharkhand, who counts on 'Mahi's tips' 
  Published by:user_57
  First published: