2014 ൽ ലോകകിരീടത്തിന് അരികിലെത്തിയെങ്കിലും ജർമ്മനിയോട് തോറ്റതോടെ മെസിക്ക് നിരാശനായി മടങ്ങേണ്ടിവന്നു. ഖത്തറിൽ ലോകകിരീടത്തിനായുള്ള പോരാട്ടത്തിലാണ് മെസിയും കൂട്ടരും. ക്വാർട്ടർ കടമ്പ കടന്നാൽ ഈ പ്രയാണത്തിൽ ഒരുപക്ഷേ, സെമിയിൽ എതിരാളികളായി വരുന്നത് ചിരവൈരികളായ ബ്രസീലാകാം. എന്നാൽ മെസി കരയുന്നത് കാണാൻ കാത്തിരിക്കുകയാണ് ബ്രസീലിന്‍റെ മുൻതാരം ഫ്രെഡ്.
ബ്രസീലിനായി 39 മത്സരങ്ങൾ കളിക്കുകയും 2006, 2014 ലോകകപ്പുകളിൽ അവരുടെ ടീമിന്റെ ഭാഗമാകുകയും ചെയ്ത ഫ്രെഡ്, ESPN-ന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്: “എനിക്ക് ബ്രസീൽ-അർജന്റീന സെമിഫൈനൽ കാണണം. അവിടെ നെയ്മറുടെ വിജയവും മെസി കരയുന്നതും എനിക്ക് കാണണം”.
advertisement
2021 ലെ വേനൽക്കാലത്ത് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ബ്രസീലിനെ നേരിട്ടപ്പോൾ അവസാന ചിരി മെസിയുടേതായിരുന്നു. അന്നത്തെ വിജയം ബ്രസീൽ ആരാധകർക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്. എതിരില്ലാത്ത ഒരു ഗോളിന് അർജന്‍റീന ജയിച്ചതോടെ നായകനെന്ന നിലയിൽ മെസി നേടിയ ആദ്യ അന്താരാഷ്ട്ര കിരീടനേട്ടം കൂടിയായിരുന്നു അത്.
2022 ലെ ലോകകപ്പിൽ ഫുട്ബോളിലെ വമ്പൻമാരായ ഈ രണ്ട് ലാറ്റിനമേരിക്കൻ ശക്തികളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിലാണ് ഇരുടീമുകളും പോരാട്ടത്തിന് ഇറങ്ങുന്നത്. അർജന്റീന നെതർലാൻഡ്‌സുമായി കൊമ്പുകോർക്കുന്നതിന് മുമ്പ് ബ്രസീൽ ക്രൊയേഷ്യയെ നേരിടും. ഈ മത്സരങ്ങളിൽ ജയിക്കുന്നവർ തമ്മിലാണ് ലോകകപ്പിലെ ഒരു സെമിഫൈനൽ പോരാട്ടം.