2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ലോകകിരീടം നിലനിർത്താനായി സെമി പ്രവേശനം ലക്ഷ്യമിട്ടാകും ഫ്രാൻസിന്‍റെ പോരാട്ടം. എന്നാൽ ഫ്രാൻസിന്‍റെ വീഴ്ത്തിയാൽ കിരീടം അകലെയല്ലെന്ന ബോധ്യത്തിലാണ് ഇംഗ്ലീഷ് നിര പന്ത് തട്ടാനിറങ്ങുക. ഏതായാലും ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി, ഇരു ടീമിലെയും താരങ്ങൾ വാക്കുകൾകൊണ്ട് കോമ്പുകോർക്കൽ തുടങ്ങിക്കഴിഞ്ഞു.
ഇന്ന് ഫ്രഞ്ച് ടീമിന്റെ ഔദ്യോഗിക പത്രസമ്മേളനത്തിൽ സംസാരിക്കവേ, ഡിഫൻഡർ ദയോത് ഉപമെക്കാനോ സൂപ്പർതാരം കീലിയൻ എംബാപ്പെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ഇംഗ്ളണ്ടിന് മുന്നറിയിപ്പ് നൽകി. ഗാരെത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ടിന് എംബാപ്പയെ പിടിച്ചുകെട്ടാനുള്ള കഴിവില്ലെന്ന് ഉപമെക്കാനോ പരിഹസിച്ചു. “എംബാപ്പെ മറ്റാരെക്കാളും തികച്ചും വ്യത്യസ്തമായ ഫോർവേഡാണ്. അവൻ ഒരു ലോകോത്തര കളിക്കാരനാണ്, അവനെ പ്രതിരോധിക്കുക പ്രയാസമാണ്. ഇക്കാര്യം ആലോചിച്ചിരിക്കാതെ നിങ്ങൾ നേരത്തെ പോയിക്കിടന്ന് ഉറങ്ങണം,” ഉപമെക്കാനോ പറഞ്ഞതായി മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് കളത്തിലിറങ്ങുമ്പോൾ പ്രതിരോധമതിൽ തീർക്കുകയെന്നതാണ് ഉപമേക്കാനോയുടെ ചുമതല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നെ അടക്കി നിർത്താനുള്ള ചുമതല ബയേൺ മ്യൂണിക്കിന്റെ ഡിഫൻഡർ കൂടിയായ ഉപമേക്കാനോയ്ക്കാണ്.
ടോട്ടൻഹാം ഹോട്സ്പർ താരമായ ഹാരി കെയ്ൻ ഫ്രാൻസിന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, ഹ്യൂഗോ ലോറിസ് തന്റെ ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ സഹതാരത്തെക്കുറിച്ച് ധാരാളം ഇൻപുട്ടുകൾ നൽകിയിട്ടുണ്ട്, കൂടാതെ ദിദിയർ ദെഷാംപ്‌സിന്റെ ടീം വെല്ലുവിളിക്ക് തയ്യാറായിരിക്കും.
ഇതുവരെ ഫ്രാൻസിന്റെ ലോകകപ്പ് മത്സരങ്ങളിൽ വിജയം നേടിയെടുക്കുന്നതിൽ എംബാപ്പെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി ടൂർണമെന്റിലെ ഗോൾസ്കോറർമാരിൽ ഏറ്റവും മുന്നിലാണ്. എംബാപ്പെയെ തടയാനുള്ള ചുമതല മാഞ്ചസ്റ്റർ സിറ്റിയുടെ റൈറ്റ് ബാക്ക് കൈൽ വാക്കറിനായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.