തന്റെ ക്യാപ്റ്റന്‍സി മികച്ച നിലയിലാണ് പോകുന്നതെന്നാണ് താന്‍ കരുതുന്നതെങ്കിലും ബാറ്റിങ്ങിലെ മോശം ഫോം തുടരുകയാണെങ്കിൽ ടീമില്‍ നിന്ന് മാറി നില്‍ക്കുവാന്‍ താന്‍ തയ്യാറാണെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ഐപിഎല്ലിൽ (IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (Kolkata Knight Riders) ഫൈനൽ വരെയെത്തിച്ചെങ്കിലും ബാറ്റിങ്ങിൽ മോർഗൻ തീർത്തും നിറം മങ്ങിയിരുന്നു. ഐപിഎല്ലില്‍ 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാൻ കഴിഞ്ഞത്.
"എപ്പോഴു൦ ഞാൻ പറയുന്ന കാര്യമാണിത്. സ്വയം മാറി നിന്ന് മറ്റൊരാൾക്ക് അവസരം നൽകുവാൻ ഞാൻ തയാറാണ്. ഇംഗ്ലണ്ടിന്റെ വിജയങ്ങൾക്ക് തടസമായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബാറ്റിങ്ങിൽ ഞാൻ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ എന്റെ ക്യാപ്റ്റൻസി അത്ര മോശമാണെന്ന് ഞാൻ കരുതുന്നില്ല. ഇതൊക്കെ ഓരോ വെല്ലുവിളികളായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്." മോർഗൻ വ്യക്തമാക്കി.
advertisement
"ബൗളർ അല്ലാത്തതിനാൽ ഫീൽഡിങ്ങിൽ എനിക്ക് കാര്യമായ സംഭാവന നൽകാൻ കഴിയില്ല. പക്ഷെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് എന്റേതായ ചില സംഭാവനകൾ നൽകാൻ എനിക്ക് കഴിയുമെന്നാണ് വിശ്വാസം. മോശം സമയങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അവയൊന്നും മറികടക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് ഇവിടെ എത്താൻ കഴിയില്ലായിരുന്നു. ടി20 ക്രിക്കറ്റിൽ ബാറ്റ് ചെയ്യുമ്പോൾ റിസ്ക് എടുത്ത് കളിക്കേണ്ടതായി വരും. എന്റെ നയവും അത് തന്നെയാണ്. ടീമിന് വേണ്ടിയാണ് ഞാൻ കളിക്കുന്നത്, അവർ ആവശ്യപ്പെടുന്നത് വരെ നിൽക്കും, വേണ്ട എന്ന് അവർ പറയുകയാണെങ്കിൽ മാറി നിൽക്കും." - മോർഗൻ പറഞ്ഞു.
ടി20 ലോകകപ്പിലെ സൂപ്പർ 12 ഫോർമാറ്റ് മികച്ച ടീമുകൾക്ക് ടൂർണമെന്റിൽ മുന്നോട്ട് പോവാൻ നല്ല അവസരമാണ് ഒരുക്കുന്നത്. മുന്നേ നടന്ന ടൂർണമെന്റുകളിൽ ഒരു മത്സരത്തിലെ തോൽവി പോലും മുന്നോട്ടുള്ള പോക്കിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു മത്സരത്തിൽ തോറ്റാലും യോഗ്യത നഷ്ടമാകുന്ന സാഹചര്യം വരുന്നില്ലെന്നും മോർഗൻ പറഞ്ഞു.
ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മോർഗന് പക്ഷെ ക്യാപ്റ്റൻസിയിൽ തന്റെ മികവ് തുടരാൻ കഴിയുന്നുണ്ട്. ഐപിഎല്ലിൽ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നടത്തിയ മുന്നേറ്റം ഇതിന് തെളിവാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പവും മോർഗന്റെ റെക്കോർഡ് മികച്ചതാണ്. മോർഗന്റെ കീഴിലാണ് ഇംഗ്ലണ്ട് 2019 ഏകദിന ലോകകപ്പ് കിരീടം ചൂടിയത്. ഇതിനുപുറമെ കഴിഞ്ഞ ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയതും മോർഗന്റെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു. യുഎഇയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കൊപ്പം നടന്ന സന്നാഹ മത്സരത്തിൽ മോർഗന് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. മോർഗന്റെ അഭാവത്തിൽ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ടിന് ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങേണ്ടി വന്നിരുന്നു.