വിരാട് കോഹ്‌ലിക്ക് (Virat Kohli) കീഴിൽ തങ്ങളുടെ രണ്ടാമത് ടി20 ലോകകപ്പ് കിരീടം തേടിയാണ് ഇന്ത്യ ഈ ലോകകപ്പിൽ ഇറങ്ങുന്നത്. ടി20 ലോകകപ്പിന്റെ ഉദ്‌ഘാടന പതിപ്പിൽ കിരീടം നേടിയ ശേഷം ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇക്കാലയളവിൽ നടന്ന ലോകകപ്പുകളിൽ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ നടത്തിയിരുന്നതെങ്കിലും നിർണായക മത്സരങ്ങളിൽ ഇന്ത്യ പുറകോട്ട് പോവുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇത്തവണ ഈ കുറവ് പരിഹരിച്ച് കിരീടം നേടുവാൻ തന്നെയാണ് ഇന്ത്യൻ സംഘം ലക്ഷ്യം വെക്കുന്നത്.
advertisement
ടി20 ലോകകപ്പ് കിരീടം ഉയർത്താൻ ഇന്ത്യ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ദാദ ഇന്ത്യൻ സംഘത്തിന് തന്റെ ഉപദേശം നൽകിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ വാക്കുകൾ -
"അനായാസം കിരീടം നേടാൻ കഴിയില്ല. ടൂർണമെന്റിലേക്ക് കടന്നയുടനെ തന്നെ കിരീടം നേടാമെന്ന് കരുതരുത്. പക്വത കാണിക്കുക എന്നതാണ് പ്രധാനം. മറ്റ് ടീമുകൾ എല്ലാം കടന്നുപോകുന്ന അതേ ഘട്ടങ്ങളിലൂടെ തന്നെയാണ് ഇന്ത്യക്കും പോവേണ്ടത്. ഇന്ത്യൻ ടീമിലെ എല്ലാവർക്കും കഴിവുണ്ട്. ലോകകപ്പ് വേദിയിൽ റൺസ് നേടാനും വിക്കറ്റുകൾ വീഴ്ത്താനും അവർക്ക് കഴിയും. മാനസികമായ തയ്യാറെടുപ്പാണ് പ്രധാനം." - ഗാംഗുലി വ്യക്തമാക്കി.
"കിരീടം നമുക്ക് ലഭിക്കുക ഫൈനൽ ജയിച്ചതിന് ശേഷമാണ്. എന്നാൽ ഫൈനലിലെത്താൻ നമുക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായുണ്ട്. അതിനാൽ ഓരോ മത്സരത്തിലും ആയിരിക്കണം ശ്രദ്ധ. ഓരോ മത്സരവും ജയിച്ച് മുന്നേറാനാണ് ശ്രദ്ധിക്കേണ്ടത്.അല്ലാതെ തുടക്കത്തിൽ തന്നെ കിരീടം നേടുന്നതിനെ കുറിച്ച് ആലോചിക്കുകയല്ല വേണ്ടത്." - ഗാംഗുലി കൂട്ടിച്ചേർത്തു.
"ഏതൊരു ടൂർണമെന്റിലും കിരീട സാധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. അതിനാൽ കിരീടം നേടുകയെന്നത് മാത്രമാവരുത് ചിന്ത. കാര്യങ്ങളെ ശ്രദ്ധയോടെ പഠിക്കുക. ഫൈനലിൽ എത്തണമെങ്കിൽ അതിലേക്കുള്ള പ്രക്രിയയും മികച്ചതായിരിക്കണം. ഫൈനൽ വരെ അച്ചടക്കത്തോടെയുള്ള സമീപനമാണ് ആവശ്യം. ഫലത്തെ കുറിച്ച് വ്യാകുലപ്പെടാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക." - ഗാംഗുലി പറഞ്ഞു.
ലോകകപ്പിലെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആതിഥേയരായ ഒമാന്‍ - പാപുവ ന്യു ഗിനിയെ നേരിടുമ്പോൾ അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡിനെ നേരിടും.
Also read- ലക്ഷ്യം ലോകകപ്പ്; ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് അറിയില്ല: കോഹ്ലി
ഒക്ടോബർ 23ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ഔദ്യോഗികമായി ലോകകപ്പിന് തുടക്കമാവുക. 24ന് പാകിസ്താനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.