ഇന്ത്യൻ ക്യാമ്പിൽ ഉയർന്നു വരുന്ന കോവിഡ് ഭീഷണി മൂലം കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) നടത്തിയ ചര്‍ച്ചയിലാണ് ടെസ്റ്റ് ഉപേക്ഷിച്ചതായുള്ള തീരുമാനം വന്നത്. എന്നാൽ സെപ്റ്റംബർ 19 മുതൽ ഐ പി എൽ തുടരുന്നില്ലെങ്കിൽ മത്സരം നടക്കാൻ സാധ്യതയുണ്ട്. മത്സരം വീണ്ടും ഷെഡ്യൂൾ ചെയ്യാനുള്ള ചർച്ചയ്ക്കായി സെപ്റ്റംബർ 22 ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗൂലി ഇംഗ്ലണ്ടിലേക്ക് പോകും. ഇസിബി അധികൃതരുമായി അദ്ദേഹം ചർച്ച നടത്തും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐ പി എല്ലും അതിന് ശേഷം ടി20 ലോകകപ്പും വരുന്നതിനാൽ അങ്ങേയറ്റം തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറിൽ ടെസ്റ്റിനായി സമയം കണ്ടെത്തുന്നത് ശ്രമകരമാണെങ്കിലും മത്സരം നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര ആയതിനാൽ ഓരോ മത്സരവും ടീമുകൾക്ക് നിർണായകമാണ്.
advertisement
അതേസമയം, ഇസിബി സിഇഒ ടോം ഹാരിസണും മത്സരം നടത്തുമെന്ന് തന്നെയാണ് വ്യക്തമാക്കിയത്. അഞ്ചാം ടെസ്റ്റ് റദ്ദാക്കിയെന്ന് കരുതി ഈ പരമ്പര അവസാനിച്ചു എന്ന് അർത്ഥമില്ല എന്നും ഈ പരമ്പരയുടെ ഭാഗമായി തന്നെ ഈ ടെസ്റ്റ് പിന്നീട് എപ്പോഴെങ്കിലും നടത്താൻ കഴിയുമോ എന്നാണ് നിലവിൽ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also read- IND vs ENG| മാഞ്ചസ്റ്റർ ടെസ്റ്റിന് അപ്രതീക്ഷിത ട്വിസ്റ്റ്; മത്സരം ഉപേക്ഷിച്ചു
നേരത്തെ ഇന്ത്യയുടെ മറ്റൊരു സംഘം ശ്രീലങ്കയിൽ ഏകദിന, ടി20 പരമ്പരകൾക്കായി പോയപ്പോൾ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് മത്സരം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയിരുന്നു. ഐ പി എൽ മുന്നിലുള്ളതിനാൽ മത്സരം നടത്താനുള്ള സമയം ഇപ്പോൾ ഇല്ല എന്നതാണ് ഇവിടെ തിരിച്ചടിയായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം, അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചെങ്കിലും പരമ്പരയിലെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. പരമ്പരയിൽ 2-1ന് ഇന്ത്യ ലീഡ് ചെയ്യവെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ മൂലം മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചത്.
നേരത്തെ നേരത്തെ ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിലെ അംഗമായ അംഗമായ ജൂനിയര്‍ ഫിസിയോ യോഗേഷ് പാര്‍മറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. എന്നാൽ കോവിഡ് പരിശോധനയ്ക്ക് വിധേയരായ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മത്സരത്തിന് ഇറങ്ങാൻ താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ടെസ്റ്റ് തുടങ്ങാൻ മൂന്ന് മണിക്കൂർ ബാക്കി നിൽക്കെ മത്സരം ഉപേക്ഷിക്കാൻ ധാരണയായത്.
