ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിൽ ഉയർന്നു വരുന്ന കോവിഡ് ഭീഷണി മൂലം കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) നടത്തിയ ചര്‍ച്ചയിലാണ് ടെസ്റ്റ് ഉപേക്ഷിച്ചതായുള്ള തീരുമാനം വന്നത്.
ഇസിബി അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഈ വിവരം അറിയിച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ആരാധകർക്ക് നിരാശ പകരുന്ന തീരുമാനം എടുക്കേണ്ടി വന്നതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഇസിബി അവരുടെ പ്രസ്താവനയിൽ അറിയിച്ചു. മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ നേരത്തെ ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിലെ അംഗമായ അംഗമായ ജൂനിയര്‍ ഫിസിയോ യോഗേഷ് പാര്‍മറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. എന്നാൽ കോവിഡ് പരിശോധനയ്ക്ക് വിധേയരായ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മത്സരത്തിന് ഇറങ്ങാൻ താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ടെസ്റ്റ് തുടങ്ങാൻ മൂന്ന് മണിക്കൂർ ബാക്കി നിൽക്കെ മത്സരം ഉപേക്ഷിക്കാൻ ധാരണയായത്.
ബിസിസിഐയുടെയും ഇസിബിയുടെയും ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക് മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതായി ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ടിന് എതിരെ 157 റൺസിന്റെ വിജയുവുമായി ഇന്ത്യ തിളങ്ങിയ ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലാണ് രവി ശാസ്ത്രിയുടെ കോവിഡ് ബാധ ബിസിസിഐ സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കോവിഡ് ബാധ ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെല്ലാവരും ഓവലിൽ ഐസൊലേഷനിൽ തുടരുകയാണ്.
മത്സരം ഉപേക്ഷിച്ചതോടെ പരമ്പരയുടെ ഫലം എങ്ങനെയാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ. പരമ്പരയിൽ നിലവിൽ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുകയാണ് ഇന്ത്യ. മത്സരം ഉപേക്ഷിച്ചതിൽ ഇംഗ്ലണ്ടിന് അനുകൂലമായ വിധി വരികയാണെങ്കിൽ പരമ്പര സമനിലയിൽ കലാശിക്കും. അങ്ങനെ വന്നാൽ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടാൻ കാത്തിരിക്കുന്ന ഇന്ത്യൻ സംഘത്തിന് വലിയ തിരിച്ചടിയായിരിക്കും സംഭവിക്കുക. ടെസ്റ്റ് പിന്നീട് നടത്തുമോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐപിഎൽ രണ്ടാം പാദം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ മത്സരം വീണ്ടും നടത്താനുള്ള സാധ്യത കുറവാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.