സ്‌കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ് ന്യൂസീലന്‍ഡ് 62, 167
ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ന്യൂസിലൻഡിന് 27 റൺസ് എടുക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റുകൾ എല്ലാം തന്നെ നഷ്ടമാവുകയായിരുന്നു. മൂന്നാം ദിനത്തിൽ അശ്വിന്റെ പന്തുകൾക്ക് മുന്നിൽ വട്ടം തിരിഞ്ഞ ന്യൂസിലൻഡിനെ ഇന്ന് വശം കെടുത്തിയത് ജയന്ത് യാദവിന്റെ പന്തുകളായിരുന്നു. ഇന്ന് വീണ അഞ്ച് വിക്കറ്റുകളിൽ നാലെണ്ണവും വീഴ്ത്തിയ താരമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ ജയന്ത് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. 44 റൺസെടുത്ത ഹെൻറി നിക്കോൾസ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ.
advertisement
69 പന്തുകള്‍ മാത്രമാണ് നാലാം ദിനം കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതിരോധിക്കാനായത്. നാലാം ദിനത്തിൽ ഇന്ത്യയെ പ്രതിരോധിച്ച് നിന്ന രചിൻ രവീന്ദ്രയെ ജയന്ത് മടക്കിയതോടെ അവരുടെ പോരാട്ടം അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. കൈൽ ജെയ്മിസൺ (0), ടിം സൗത്തി(0), വില്യം സോമര്‍വില്‍(1) എന്നിവർ ജയന്തിന്റെ പന്തുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ 111 പന്തില്‍ 44 റണ്‍സുമായി പൊരുതിയ ഹെൻറി നിക്കോള്‍സിനെ അശ്വിന്‍റെ പന്തില്‍ സാഹ സ്റ്റമ്പ് ചെയ്തതോടെ കിവീസിന്റെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ കൂറ്റൻ ജയം നേടുകയായിരുന്നു.
മായങ്കിന്റെ സെഞ്ചുറി; അജാസിന്റെ പെർഫെക്ട് ടെൻ; കിവീസിന്റെ തകർച്ച
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മായങ്ക് അഗർവാളിന്റെ സെഞ്ചുറിക്കരുത്തിൽ (150) ഒന്നാം ഇന്നിങ്സിൽ 325 റൺസ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ റെക്കോർഡ് ബുക്കിൽ ഇടം നേടുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്.
അജാസിന്റെ സ്വപ്നനേട്ടത്തിന്റെ നിറവിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനെ ഇന്ത്യ തങ്ങളുടെ ടീം വർക്കിലൂടെ വെറും 62 റൺസിന് എറിഞ്ഞിടുകയായിരുന്നു. തുടർന്ന് കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.