ന്യൂസിലന്‍ഡിനെതിരായ(New Zealand) രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ(India) ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്, രണ്ടാം ഇന്നിങ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എടുത്തതിനു ശേഷമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍(62), ചേതേശ്വര്‍ പൂജാര (47), ശുഭ്മന്‍ ഗില്‍ (47), വിരാട് കോഹ്ലി(36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്സര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്സിലും തിളങ്ങി.
രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടര്‍ന്ന കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്. അതേസമയം മത്സരത്തിനിടെ സ്പൈഡര്‍ ക്യാം തടസ്സം സൃഷ്ടിച്ചത് പെട്ടെന്ന് ടീ ബ്രേക്ക് എടുക്കാന്‍ കാരണമായി. സ്പൈഡര്‍ ക്യാം പിച്ചിന് അടുത്തായി താഴ്ന്നു നിന്നതാണ് കളി തുടരുന്നതിന് തടസ്സമായത്. ഇതോടെ പെട്ടെന്ന് ടീ ബ്രേക്ക് എടുക്കേണ്ടി വന്നു. ഇതിനിടെ സ്പൈഡര്‍ ക്യാമിന് മുമ്പില്‍ തമാശയൊപ്പിച്ച് ഇന്ത്യന്‍ താരങ്ങളും എത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉള്‍പ്പെടെ ക്യാമറയ്ക്ക് മുന്നില്‍ രസകരമായ ആംഗ്യങ്ങളുമായാണ് എത്തിയത്.
മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ഇനിയും ശേഷിക്കെ ന്യൂസിലന്‍ഡിന് തോല്‍വി ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരും. ന്യൂസിലന്‍ഡിനു വേണ്ടി ഒന്നാം ഇന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് കൂടി വീഴ്ത്തി. കൂടാതെ രചിന് രവീന്ദ്ര 3 വിക്കറ്റും വീഴ്ത്തി.
108 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റണ്‍സെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ - ചേതേശ്വര്‍ പൂജാര ഓപ്പണിങ് സഖ്യം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ശ്രേയസ് അയ്യര്‍ (14), വൃദ്ധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സില്‍ 325 റണ്‍സെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.