നേരത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് രോഹിത് ശർമയെ ടെസ്റ്റിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. രോഹിത്തിനെ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ സ്ഥിരം ക്യാപ്റ്റനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനവും ബിസിസിഐ ടീം പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിരുന്നു.
വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും രഹാനെ (Ajinkya Rahane) ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ടീമിൽ നിന്നും പുറത്തായേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഫോമിലല്ലാത്തതിന്‍റെ പേരില്‍ രഹാനെക്കൊപ്പം വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയും (Pujara) 18 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്നും വിട്ടുനിന്ന ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
advertisement
അതേസമയം, പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ന്യൂസിലൻഡിനെതിരായ പരമ്പരയിലൂടെ അരങ്ങേറി ശ്രദ്ധേയ പ്രകടനം നടത്തിയ ശ്രേയസ് അയ്യരും ജയന്ത് യാദവും ടീമിലെ സ്ഥാനം നിലനിർത്തിയപ്പോൾ കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ടീമിൽ നിന്നും തഴയപ്പെട്ടിരുന്ന ഹനുമ വിഹാരിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവിന് ടീമിലെ സ്ഥാനം നഷ്ടമായി. പന്ത് തിരിച്ചെത്തിയതോടെ സാഹ രണ്ടാം വിക്കറ്റ് കീപ്പർ ആകുമെന്നതിനാൽ ന്യൂസിലൻഡ് പരമ്പരയിൽ ടീമിനൊപ്പമുണ്ടായിരുന്ന ശ്രീകാർ ഭരതിന് ടീമിലിടം നേടാൻ കഴിഞ്ഞില്ല.
18 അംഗ ടീമിന് പുറമെ നവദീപ് സെയ്നി ഇടംകൈയന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, പേസര്‍ ദീപക് ചാഹര്‍, ഇടംകൈയന്‍ പേസറായ അര്‍സാന്‍ നാഗ്‌വാസ്വാല എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്സില്‍ രണ്ടാം ടെസ്റ്റും 11 മുതല്‍ കേപ്ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും.
ഇന്ത്യൻ ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ , ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്.
സ്റ്റാൻഡ്‌ബൈ കളിക്കാർ: നവദീപ് സെയ്‌നി, സൗരഭ് കുമാർ, ദീപക് ചാഹർ, അർസാൻ നാഗ്‌വാസ്വല്ല