സിറാജ് ഐപിഎല്ലിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളിൽ ആയതിനാൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ചേർന്നാണ് വാഹനം ഷോറൂമിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സിറാജ് രംഗത്തെത്തിയത്.
"നിങ്ങളുടെ മനോഹരമായ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല" -മുഹമ്മദ് സിറാജ് ട്വിറ്ററിൽ കുറിച്ചു. "ഈ നിമിഷത്തിൽ വാക്കുകൾ കിട്ടാതെ ഞാൻ പരാജയപ്പെടുകയാണ്. എങ്കിലും ഒരു വലിയ നന്ദി പറയുകയാണ്" - സിറാജ് കൂട്ടിച്ചേർത്തു.
Also Read- IPL 2021| മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമോ? നയം വ്യക്തമാക്കി ബിസിസിഐ
advertisement
മഹീന്ദ്രയുടെ പുതുതലമുറ ഥാർ വിപണിയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ ചരിത്ര വിജയം സ്വന്തമാക്കുന്നത്. ഈ വിജയശിൽപ്പികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആറ് താരങ്ങൾക്ക് മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവർത്തിച്ച ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജ്, ടി നടരാജൻ, ശാർദുൽ ഠാക്കൂർ, വാഷിങ്ടൻ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്‌നി എന്നിവർക്കാണ് മഹീന്ദ്ര സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചത്.
ഒരു വലിയ ക്രിക്കറ്റ് ആരാധകനായ ആനന്ദ് മഹീന്ദ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കളികൾ എപ്പോഴും പിന്തുടരുകയും ഒപ്പം കളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പതിവായി സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്യാറുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനത്തെ നിരവധി തവണ അദ്ദേഹം പ്രശംസിച്ചിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് ആണ് സ്വന്തമാക്കിയത്.
പരമ്പരയിൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജ് വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ടെസ്റ്റിൽ കളിക്കാൻ പറ്റിയില്ലയെങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തിൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം.
ഓസീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ട് ടെസ്റ്റിൻ്റെ മാത്രം അനുഭവ സമ്പത്തുള്ള സിറാജാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഗാബയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ താരം ടൂർണമൻ്റിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിറാജിൻ്റെ പ്രകടനത്തെ അഭിനന്ദിച്ച് പല മുതിർന്ന ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.
