എന്നാല്‍ മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം ഏറെ ശ്രദ്ധേയമായിരുന്നു. ഡല്‍ഹിയുടെ ആര്‍ അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിവി പേസര്‍ ടീം സൗത്തിയും തമ്മിലെ വാക്പോരായിരുന്നു അത്. അവസാന ഓവറില്‍ സൗത്തിയുടെ പന്തില്‍ അശ്വിന്‍ പുറത്തായശേഷമാണ് ഇരുവരും കൊമ്പു കോര്‍ത്തത്.
ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി.
advertisement
ഇതിനിടെ കൊല്‍ക്കത്ത നായകന്‍ ഇയോന്‍ മോര്‍ഗനും പ്രശ്നത്തില്‍ ഇടപെട്ടു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് അശ്വിനെ ശാന്തനാക്കി ഡഗ് ഔട്ടിലേക്ക് മടക്കിയയച്ചത്.
തര്‍ക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ 19ആം ഓവറിന്റെ അവസാന പന്തില്‍ റിഷഭ് പന്തിന്റെ കയ്യില്‍ തട്ടിത്തെറിച്ച പന്തില്‍ അശ്വിന്‍ റണ്‍സ് ഓടിയെടുത്തിരുന്നു. ഫീല്‍ഡര്‍ എറിഞ്ഞുകൊടുത്ത പന്താണ് പന്തിന്റെ കയ്യില്‍ തട്ടിയത്. അങ്ങനെയൊരു പന്തില്‍ സിംഗിളെടുത്തതാവാം സൗത്തിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.
ഷാര്‍ജ്ജയിലെ സ്റ്റേഡിയത്തില്‍ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് സിക്സുകള്‍ പറത്തിയാണ് കൊല്‍ക്കത്ത വിജയം നേടിയത്.
ഭാഗ്യനിര്‍ഭാഗ്യം ഇരുവശത്തേക്കും മാറിമറിഞ്ഞ പോരാട്ടത്തില്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയാണ് കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്.
33 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും 10 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ സുനില്‍ നരെയ്‌ന്റെയും ഇന്നിങ്‌സുകളും കൊല്‍ക്കത്ത ജയത്തില്‍ നിര്‍ണായകമായി.