ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈ ഒരു ഇടവേളയില്‍ നടത്താന്‍ തന്നെയാകും ബിസിസിഐയുടെ ശ്രമം. 31 മത്സരങ്ങള്‍ ഇത്രയും ചെറിയ കാലയളവില്‍ സമയബന്ധിതമായി നടത്തണം എന്നുള്ളതിനാല്‍ വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുക എന്നതാകും ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതേ കുറിച്ച് അന്തിമ തീരുമാനം ഈ മാസം 29ന് ചേരുന്ന ബിസിസിഐ യോഗത്തിനൊടുവില്‍ ഉണ്ടാവുമെന്നാണ് വിവരം.
advertisement
ഒക്ടോബര്‍ 18 മുതലാണ് ഐസിസി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. ഇന്ത്യയില്‍ നിന്നും ലോകകപ്പ് വേദി മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ജൂണ്‍ രണ്ടിനു ചേരുന്ന ഐസിസി യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം വന്നേക്കും.
ഐപിഎല്‍ നടത്തുന്നതിന് വെല്ലുവിളി ആവുന്നത് അന്താരാഷ്ട്ര മത്സരങ്ങളാണ്. ഇതില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മൂന്ന് മാസത്തോളം ദൈര്‍ഘ്യമുള്ളതാണ്. ജൂണില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടില്‍ എത്തുന്ന ഇന്ത്യ അതിനു ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. അഞ്ച് മത്സര പരമ്പരയില്‍ മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ചുരുക്കനാകും ബിസിസിഐ ശ്രമിക്കുന്നത്. ഇതു ടെസ്റ്റ് പരമ്പര കൂടുതല്‍ വേഗത്തില്‍ തീര്‍ക്കാനും സഹായിക്കും. അങ്ങനെ അധികം ലഭിക്കുന്ന ദിവസങ്ങള്‍ വെച്ച് ഐപിഎല്‍ നടത്താന്‍ കഴിയും. ടെസ്റ്റ് മത്സര പരമ്പര നേരത്തെ കഴിയുന്ന സാഹചര്യത്തില്‍ ഐപിഎല്ലിനായി യുഎഇയിലേക്കു നേരത്തേ പുറപ്പെടാന്‍ ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങളെ സഹായിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Also Read-ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം; ചഹൽ മനസ് തുറക്കുന്നു
നേരത്തെ, ഐപിഎല്ലിന്റെ 14ആം സീസണില്‍ 29 മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയായപ്പോഴാണ് ടൂര്‍ണമെന്റിന് ബ്രേക്ക് വീണത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരുന്ന സാഹചര്യത്തിലും ഐപിഎല്‍ നിര്‍ത്തിവക്കാതെ മുന്നോട്ട് പോവാന്‍ തന്നെയായിരുന്നു ബിസിസിഐ തീരുമാനം. പക്ഷേ പിന്നീട് ഫ്രാഞ്ചൈസികളിലെ ചില താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതിന് ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഐപിഎല്‍ നിര്‍ത്തിവക്കുമ്പോള്‍ 12 പോയിന്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍കിങ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ 12 വീതം പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പാതിവഴിയില്‍ ക്യാപ്റ്റനെ മാറ്റേണ്ടി വന്ന സണ്‍റൈസേഴ്സ് ഹൈദരബാദാണ് അവസാന സ്ഥാനത്ത്.
ബയോ ബബിള്‍ സംവിധാനത്തില്‍ കഴിഞ്ഞിട്ടും താരങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടത് നേരത്തെ താരങ്ങള്‍ക്കിടയില്‍ ആശങ്ക പടരാന്‍ ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇനി ഐപിഎല്‍ പുനരാരംഭിക്കുകയാണെങ്കില്‍ ചില വിദേശ രാജ്യങ്ങളിലെ കളിക്കാര്‍ ടൂര്‍ണമെന്റിന് ഉണ്ടാവുകയില്ല എന്നും പറഞ്ഞിരുന്നു. ഇതുകൂടാതെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെ എല്ലാവര്‍ക്കും അനുയോജ്യമായ തരത്തില്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തുക എന്നത് കാത്തിരുന്ന് കാണാം.