റെയ്നയെ ഒരു ഫ്രാഞ്ചൈസിയും വിളിക്കാതിരുന്നതിനെതിരെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു. തങ്ങളുടെ 'ചിന്ന തലയെ' ടീമിൽ എടുക്കാത്തതിന് മാനേജ്‌മെന്റിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും രംഗത്തെത്തിയിരുന്നു. ടീമിന്റെ ആരാധകരും വിമർശനമുയർത്തിയ സാഹചര്യത്തിൽ എന്തുകൊണ്ട് റെയ്നയെ ടീമിലെടുത്തില്ല എന്നതിന് പിന്നിലെ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ ആയ കാശി വിശ്വനാഥൻ. ചെന്നൈ രൂപീകരിക്കാൻ ശ്രമിക്കുന്ന ടീമിലേക്ക് റെയ്ന അനുയോജ്യനല്ലെന്ന് തോന്നിയത് കൊണ്ടാണ് താരത്തെ ടീമിലെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വര്‍ഷങ്ങളായി ടീമിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന റെയ്നയുടെ അഭാവം മറികടക്കുക ബുദ്ധിമുട്ടാണെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
advertisement
"കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് റെയ്ന. റെയ്നയെ ടീമിലെടുക്കാൻ സാധിച്ചില്ല എന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ, നിങ്ങളിവിടെ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്, വരും സീസണിലേക്ക് ഒരു പുതിയ ടീമിനെയാണ് വാർത്തെടുക്കുന്നത്. മികച്ച ടീമിനെ അണിനിരത്തണമെന്നുള്ളതിനാൽ ടീമിലെടുക്കുന്ന താരങ്ങളുടെ പ്രകടനങ്ങൾ കൂടി അതിലേക്ക് മാനദണ്ഡമായി വരും. അങ്ങനെ നോക്കുമ്പോൾ നിലവിലെ ടീം ഘടനയ്ക്ക് റെയ്ന അനുയോജ്യനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്." - ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കാശി വിശ്വനാഥ് പറഞ്ഞു.
Also read- IPL Auction 2022 | ഐപിഎൽ മെഗാതാരാലേലത്തിൽ 10 ടീമുകളും സ്വന്തമാക്കിയ മുഴുവൻ താരങ്ങളെ പരിചയപ്പെടാം
റെയ്നയ്ക്ക് പുറമെ ഫാഫ് ഡൂപ്ലെസിയുടെയും സേവനവും ചെന്നൈക്ക് നഷ്ടമാകുമെന്നും എന്നാൽ താരലേലത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മിസ്റ്റർ ഐപിഎൽ' എന്ന് വിളിപ്പേരുള്ള റെയ്ന ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരമാണ്. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ നിന്നായി 5528 റണ്‍സ് നേടിയ താരം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ നാലാം സ്ഥാനക്കാരനാണ്.
Also read- Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ
അതേസമയം, ബെംഗളൂരുവിൽ ഫെബ്രുവരി 12,13 തീയതികളിലായി നടന്ന താരലേലത്തില്‍ മൊത്തം 204 താരങ്ങളെയാണ് ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തത്. പത്ത് ടീമുകളും കൂടി ഇതിനായി 551.7 കോടി രൂപയാണ് ചെലവഴിച്ചത്.