58 മത്സരങ്ങളില്‍ നിന്ന് 18,805 റണ്‍സാണ് ഇത്തവണത്തെ സീസണില്‍ ഒഴുകിയിരിക്കുന്നത്. ആറ് സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് 18,805 റണ്‍സ് പിച്ചിലൊഴുകിയത്. ഇതില്‍ നിലം തൊടാതെ ഗ്യാലറിയിലേക്ക് പന്ത് പറന്നത് 760 തവണയാണ്. 1606 ഫോറുകളും ഈ സീസണില്‍ പിറന്നു.
ബൗണ്ടറികളിലൂടെ മാത്രം 10,984 റണ്‍സാണ് താരങ്ങള്‍ നേടിയത്. 12 മത്സരങ്ങള്‍ കളിച്ച് 692 റണ്‍സ് നേടിയ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരം. രണ്ടാംസ്ഥാനത്ത് 14 മത്സരങ്ങളില്‍ നിന്ന് 594 റണ്‍സ് നേടിയ ലോകേഷ് രാഹുലും.
advertisement
58 മത്സരങ്ങളില്‍ നിന്നായി 653 വിക്കറ്റുകളാണ് ബൗളര്‍മാര്‍ സ്വന്തമാക്കിയിരിക്കുന്നത്. വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്നത് 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ വീഴ്ത്തിയ ഡല്‍ഹി ക്യപിറ്റല്‍സ് താരം കഗീസോ റബാഡയാണ്. രണ്ടാം സ്ഥാനത്ത് 15 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഇമ്രാന്‍ താഹിറും.
653 വിക്കറ്റുകളില്‍ 65 തവണ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയത് റണ്‍സൊന്നും നേടാതെയായിരുന്നു. 471 ക്യാച്ചുകളും ഈ സീസണിന്റെ മാറ്റ് കൂട്ടുന്നു. റണ്‍സ് വിട്ടുകൊടുക്കുന്നതിലും കണിശത കാട്ടിയ ബൗളര്‍മാരും ഇത്തവണ കുറവായിരുന്നില്ല. 19 മെയ്ഡന്‍ ഓവറുകളും ഇത്തവണത്തെ സീസണില്‍ പിറന്നു.