ടെസ്റ്റ് ക്രിക്കറ്റിൽ സജീവമായിരുന്നെങ്കിലും ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമാകാൻ ആൻഡേഴ്സന് കഴിഞ്ഞില്ല. ടെസ്റ്റിൽ 800 ഓളം വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. രണ്ടാം സ്ഥാനക്കാരനായ ഷെയിൻ വോണിന്റെ റെക്കോർഡ് ആൻഡേഴ്സൺ മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല.
ഷെയിൻ വോൺ 708 വിക്കറ്റുകൾ നേടിയപ്പോൾ 704 വിക്കറ്റുകളുമായി ആൻഡേഴ്സൺ മൂന്നാം സ്ഥാനത്താണ്. കളിച്ച ടെസ്റ്റ് ക്രിക്കറ്റിന്റെ എണ്ണത്തിലും മുന്നിലെത്താൻ ആൻഡേഴ്സണ് കഴിഞ്ഞില്ല. സച്ചിൻ ടെണ്ടുൽക്കറാണ് നിലവിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരം. 200 ടെസ്റ്റുകളുമായി സച്ചിൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ആൻഡേഴ്സൺ 188 ടെസ്റ്റുകളിൽ എത്തി നിൽക്കെയാണ് വിരമിക്കുന്നത്.
advertisement
Also read-ജെയിംസ് ആന്‍ഡേഴ്‌സണ്‍ പടിയിറങ്ങി; ക്രിക്കറ്റ് കരിയറിലെ അതുല്യ നേട്ടങ്ങൾ
ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റുകൾ നേടിയവരുടെ എണ്ണത്തിലും ആൻഡേഴ്സൺ പിന്നിലാണ്. 133 ടെസ്റ്റിൽ നിന്നും 67 തവണ 5 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഷെയിൻ വോൺ, റീചാർഡ് ഹദ്‌ലീ, രവി അശ്വിൻ, അനിൽ കുംബ്ലെ, രംഗന ഹെറാത് എന്നിവർക്ക് പിന്നിൽ ഏഴാമതാണ് ആൻഡേഴ്സന്റെ സ്ഥാനം. 188 ടെസ്റ്റുകളിൽ നിന്നായി 32 തവണയാണ് ആൻഡേഴ്സൺ അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനാകാനും ആൻഡേഴ്സണ് അവസരം ലഭിച്ചിരുന്നില്ല. 2019 ൽ ജോ റൂട്ട് ക്യാപ്റ്റനായിരിക്കെ ഒരുതവണ ആൻഡേഴ്സൺ വൈസ് ക്യാപ്റ്റനായിരുന്നു. 39 തവണ ആഷസ് സീരീസിൽ കളിച്ചുവെങ്കിലും ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ട നടത്താനും ആൻഡേഴ്സണ് കഴിഞ്ഞില്ല. സഹതാരമായിരുന്ന സ്റ്റുവർട്ട് ബ്രോഡ് 40 ആഷസ് ടെസ്റ്റിൽ നിന്നും 153 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 39 ആഷസിൽ നിന്നും 117 വിക്കറ്റുകൾ നേടിയ ആൻഡേഴ്സൺ എട്ടാം സ്ഥാനത്താണ്.