രണ്ടാം ഇന്നിംഗ്‌സ് 342/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ സമനിലയ്ക്ക് സമ്മതിച്ചു. തൊട്ടുപിന്നാലെ ജമ്മു കശ്മീർ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഓടിയെത്തി തങ്ങളുടെ ആദ്യ രഞ്ജി കിരീട നേട്ടം ആഘോഷമാക്കി. പരിക്കേറ്റ ശുഭം ഖജൂരിയയ്ക്ക് പകരം അവസാന നിമിഷം ടീമിലെത്തിയ ഓപ്പണർ ഖമ്രാൻ ഇഖ്ബാൽ സെഞ്ച്വറിയുമായി തിളങ്ങിയത് ജമ്മു കശ്മീരിന്റെ ആധിപത്യം ഉറപ്പിച്ചു. നാലാം ദിനം തന്നെ മത്സരത്തിന്റെ വിധി തീരുമാനിക്കപ്പെട്ടതിനാൽ അഞ്ചാം ദിനം രാവിലെ പ്രസീദ് കൃഷ്ണയെയും വിജയകുമാർ വൈശാഖിനെപ്പോലെയുമുള്ള പ്രമുഖ ബൗളർമാരെ കർണാടക പരീക്ഷിച്ചതുപോലുമില്ല.ശ്രേയസ് ഗോപാൽ, വിദ്ധ്യാധർ പാട്ടീൽ ശിഖർ ഷെട്ടി എന്നീ ബൌളർമാരെ മാറി മാറി പരീക്ഷിക്കുകയും കെ.എൽ രാഹുൽ, കരുൺ നായർ തുടങ്ങിയ പാർട്ട് ടൈം ബൗളർമാരെ പന്തേല്പിക്കുകയുമാണ് കർണാടക ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ ചെയ്തത്.
advertisement
ബാറ്റിംഗിൽ പതറാതെ കളിച്ച ഖമ്രാൻ ഇഖ്ബാൽ, ശ്രേയസ് ഗോപാലിനെ ഫോറടിച്ച് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 99 റൺസാണ് ജമ്മു കശ്മിർ അഞ്ചാം ദിനം സ്കോർ ബോർഡിൽ ചേർത്തത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ബി.സി.സി.ഐ പ്രസിഡന്റ് മിഥുൻ മൻഹാസും ഗാലറിയിലിരുന്ന് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ, ശുഭം പുന്ദീറിന്റെ സെഞ്ച്വറിയുടെയും ഷൈൽ ലോത്ര, കനയ്യ വാധവൻ, ഡോഗ്ര എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെയും കരുത്തിൽ 584 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയുടെ വമ്പൻ നിരയ്ക്ക് ജമ്മു കശ്മീരിന്റെ പേസ് ബൗളർ ആക്വിബ് നബിയുടെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ പ്രമുഖർ ഉണ്ടായിട്ടും കർണാടക 293 റൺസിന് പുറത്തായി. 54 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ആക്വിബ് നബി ഈ സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം (60 വിക്കറ്റുകൾ) എന്ന ബഹുമതിയും സ്വന്തമാക്കി.
