സ്കോർ- ഇംഗ്ലണ്ട് 25.4 ഓവറിൽ 110ന് പുറത്ത് & ഇന്ത്യ 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 114 റൺസ്
വെറും 19 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയുടെ മാരക ഏറിൽ തകർന്ന് തരിപ്പണമായ ഇംഗ്ലണ്ട് 25.4 ഓവറിൽ 110 റൺസിന് കൂടാരം കയറി. 30 റൺസെടുത്ത ജോസ് ബട്ട്ലർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങിൽ 58 പന്തിൽ പുറത്താകാതെ 76 റൺസെടുത്ത രോഹിത് ശർമ്മ ഇന്ത്യയുടെ വിജയം തീർത്തും അനായാസമാക്കി മാറ്റി. ഏഴ് ഫോറും അഞ്ച് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്‍റെ ഉജ്ജ്വല ഇന്നിംഗ്സ്. ഏറെ കാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ശിഖർ ധവാൻ 31 റൺസുമായി പുറത്താകാതെ നിന്നു. വെറും 18.4 ഓവറിലാണ് ഇന്ത്യ വിജയ ലക്ഷ്യം ഭേദിച്ചത്.
advertisement
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് ബുംറയും കൂട്ടരും പുറത്തെടുത്തത്. ജേസൻ റോയ് (പൂജ്യം), ജോണി ബെയർസ്റ്റോ (ഏഴ്), ജോ റൂട്ട് (പൂജ്യം) എന്നീ വമ്പൻമാർ പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് 2.4 ഓവറിൽ മൂന്നിന് ഏഴ് റൺസ് എന്ന നിലയിലായി. ഈ മൂന്നു വിക്കറ്റും നേടിയത് ജസ്പ്രിത് ബുംറയാണ്. വൈകാതെ ഇംഗ്ലണ്ടിന്‍റെ സൂപ്പർതാരം ബെൻ സ്റ്റോക്ക്സ് കൂടി സംപൂജ്യനായി മടങ്ങി. മൊഹമ്മദ് ഷമിയാണ് സ്വന്തം പന്തിൽ സ്റ്റോക്ക്സിനെ പിടികൂടിയത്.
റൺസെടുക്കും മുമ്പ് ലിയാം ലിവിങ്സ്റ്റണിലെ ജസ്പ്രിത് ബുംറ ക്ലീൻ ബോൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് 7.5 ഓവറിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന നായകൻ ജോസ് ബട്ട്ലറും മൊയിൻ അലിയും ചേർന്ന കൂട്ടുകെട്ട് ഇംഗ്ലണ്ട് സ്കോർ 50 കടത്താൻ സഹായിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വെറും 19 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന നേട്ടവും ബുംറ കൈവരിച്ചു.
Also Read- IND vs ENG 2022 1st ODI | ബുംറയ്ക്ക് മുന്നിൽ തകർന്ന് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 111 റൺസ് വിജയലക്ഷ്യം
മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്നത്തെ മത്സരത്തിൽ കളിച്ചില്ല. ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.