രാഹുലിന് പുറമെ വലത് കൈക്ക് പരിക്കേറ്റ ചൈനാമാൻ ബൗളർ കുൽദീപ് യാദവിനും പരമ്പര നഷ്ടമാകും. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് കുൽദീപിന് പരിക്കേറ്റത്.
രാഹുൽ പരിക്കേറ്റ് പുറത്തായതോടെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുലിന്റെ പരിക്ക് ടി20 ക്രിക്കറ്റിൽ തുടരെ കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.
രാഹുലിനും കുൽദീപിനും പകരക്കാരെ സെലക്ടർമാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് വിലയിരുത്തുന്നതിനും തുടർന്നുള്ള ചികിത്സ നിർണയിക്കുന്നതിനുമായി ഇരുവരും ബാംഗ്ലൂരിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമയിൽ റിപ്പോർട്ട് ചെയ്യും.
അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കളിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പര്യടനത്തിന് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച (നാളെ) രാത്രി ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യന്‍ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.