ഇന്ത്യൻ ക്രിക്കറ്റിനെ (Indian Cricket) രണ്ട് പതിറ്റാണ്ടിലേറെ സേവിച്ചതിന് ശേഷം വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ മിതാലി രാജ് (Mithali Raj) എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്‌കർ,സൗരവ് ഗാംഗുലി, എം എസ് ധോണി, വിരാട് കോഹ്ലി… എന്നിങ്ങനെ സൂപ്പർ താരങ്ങൾക്ക് തെല്ലും പഞ്ഞമില്ലാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ വനിതാ സൂപ്പർ താരമായിരുന്നു മിതാലി. ട്വിറ്ററിൽ പങ്കുവെച്ച ഹൃദയം നിറയ്ക്കുന്ന കുറിപ്പിലൂടെ 39-ാ൦ വയസ്സിൽ ക്രിക്കറ്റിനോട് വിടപറയുമ്പോൾ അവിടെ അവസാനിക്കുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് അധ്യായത്തിലെ സംഭവബഹുലമായ ഒരു യുഗത്തിനാണ്.
1999ൽ അയർലൻഡിനെതിരെ കളിച്ചാണ് മിതാലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി അന്താരാഷ്ട്ര കരിയറിന് ആരംഭം കുറിച്ച മിതാലി വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ 232 ഏകദിന മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് നിൽക്കുന്നത്. 50.68 ശരാശരിയിൽ 7805 റൺസ് അടിച്ചുകൂട്ടിയ മിതാലി വനിതാ ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റിലെ ഉയർന്ന റൺ വേട്ടക്കാരിയായാണ് നിൽക്കുന്നത്.
ഏകദിനത്തിൽ അരങ്ങേറ്റം നടത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം 2002ൽ ഇംഗ്ലണ്ടിനെതിരെയാണ് മിതാലി ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്. തന്റെ മൂന്നാം ടെസ്റ്റിൽ തന്നെ ഇരട്ട സെഞ്ചുറി നേടിയ താരം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് വീണ്ടുമൊരിക്കൽ കൂടി വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2006ൽ ഇതേ ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് മിതാലി ടി20യിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനിടയ്ക്ക് 2005ൽ മിതാലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായി. മിതാലിക്കൊപ്പം ടി20യിൽ ഇന്ത്യയുടെ കൂടി അരങ്ങേറ്റ മത്സരമായിരുന്നു. വിക്കറ്റിന് ജയിച്ച് മിതാലിയും ഇന്ത്യയും ടി20 അരങ്ങേറ്റം ഗംഭീരമാക്കി.
Also read- ‘എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം’; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 699 റൺസ്, ഏകദിനത്തില്‍ 7805 റണ്‍സ്, ടി20യിൽ 2364 റണ്‍സുമാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയറിൽ നിന്നും നേടിയത്.
23 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് അവസാനമായിരിക്കെ, താരം സ്വന്തമാക്കിയ ഒരുപിടി റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം –
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം. 232 മത്സരങ്ങളിൽ നിന്നും 7805 റൺസാണ് മിതാലി സ്വന്തമാക്കിയത്. 191 മത്സരങ്ങളിൽ നിന്നും 5992 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച വനിതാ താരം. തന്റെ 23 വർഷ കരിയറിൽ 232 തവണയാണ് മിതാലി ഇന്ത്യയെ പ്രതിനിധീകരിച്ച് ഏകദിനത്തിൽ കളിച്ചത്.
ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്രിക്കറ്റ് താരം. 16-ാ൦ വയസ്സിൽ ഇന്ത്യക്കായി അരങ്ങേറിയ മിതാലി 114 റൺസ് നേടിയാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.
ടി20യിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം. ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറികൾ നേടിയ താരം ഈ ഫോർമാറ്റിൽ കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഏഴാം സ്ഥാനത്താണ്.
ടി20യിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വനിതാ താരം. ഏകദിനങ്ങളിൽ നിന്നും കൂടുതൽ റൺസ് നേടിയ മിതാലി തന്നെയാണ് ടി20യിലും ഇന്ത്യയുടെ ഉയർന്ന റൺ വേട്ടക്കാരി. ഇന്ത്യക്ക് വേണ്ടി 89 മത്സരങ്ങൾ കളിച്ച താരം 37.52 ശരാശരിയിൽ 2364 റൺസാണ് നേടിയത്. 121 മത്സരങ്ങളിൽ നിന്നും 2319 റൺസ് നേടിയ ഹർമൻപ്രീത് കൗറാണ് മിതാലിക്ക് പുറകിൽ രണ്ടാമതായി നിൽക്കുന്നത്.
വനിതാ ക്രിക്കറ്റിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റൻ. 22-ാ൦ വയസ്സിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിതയായതോടെയാണ് മിതാലി വനിതാ ക്രിക്കറ്റിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റനായി മാറിയത്. ഇംഗ്ലണ്ടിനെതിരെ മിതാലിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ മത്സരത്തിൽ സമനിലയുമായാണ് തിരിച്ചുകയറിയത്.
പൂജ്യത്തിന് പുറത്താക്കപ്പെടാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരം. പൂജ്യത്തിന് പുറത്താക്കപ്പെടാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ (74) കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മിതാലിയുടെ പേരിലാണ്. ഈ പട്ടികയിൽ ആദ്യ സ്ഥാനം (104) ഓസ്ട്രേലിയയുടെ കാരെൻ ലൂയിസ് റോൾട്ടണിനാണ്.
വനിതാ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം. 19-ാ൦ വയസ്സിൽ റെഡ് ബോൾ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെയാണ് മിതാലി ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 214 റൺസ് നേടിയ വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണ് നേടിയത്.
ആറ് വനിതാ ഏകദിന ലോകകപ്പുകളുടെ ഭാഗമായിട്ടുള്ള ഒരേയൊരു താരം. ആറ് ലോകകപ്പുകളിൽ കളിച്ച മിതാലി ഇതിൽ നാലെണ്ണത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ഇതും റെക്കോർഡാണ്. ലോകകപ്പുകളിൽ കൂടുതൽ തവണ ഒരു ടീമിനെ നയിച്ചതിന്റെ റെക്കോർഡ് കൂടിയാണ് മിതാലി ഇതിലൂടെ നേടിയത്. ഓസ്‌ട്രേലിയയുടെ ബെലിൻഡ ക്ലാർക്കും നാല് ലോകകപ്പുകളിൽ ക്യാപ്റ്റൻ ആയിട്ടുണ്ട്.
ടെസ്റ്റ്, ഏകദിനം, ടി20 ഫോർമാറ്റുകളിൽ കൂടുതൽ റൺസ് നേടുന്ന വനിതാ താരം.ടെസ്റ്റിൽ 699, ഏകദിനത്തില്‍ 7805, ടി20യിൽ 2364 റൺസ് എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 10,868 റൺസാണ് മിതാലിയുടെ പേരിലുള്ളത്. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേഡ്‌സാണ് (10,273 റൺസ്) പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.