സ്വന്തം വീട്ടിൽ മോഷണം നടന്ന വിവരം ട്വിറ്ററിലൂടെ താരം തന്നെയാണ് ലോകത്തെ അറിയിച്ചത്. മോഷ്ടാക്കൾ വീട്ടിൽ ചുരുങ്ങിയ നേരം മാത്രമേ തങ്ങിയിള്ളൂവെങ്കിലും അത്രയും നേരം കൊണ്ട് അവർ തന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വ൦ തട്ടിയെടുത്തെന്നും സ്വന്തം മക്കൾക്ക് സുരക്ഷയൊരുക്കാൻ കഴിയാഞ്ഞ തന്റെ അവസ്ഥ മറ്റാർക്കും വരരുതെന്നും പോഗ്ബ കുറിച്ചു.
'കഴിഞ്ഞ രാത്രി എന്റെ കുടുംബത്തിനും എനിക്കും ശരിക്കുമൊരു ദുസ്വപ്നമായിരുന്നു. ഞങ്ങളുടെ കുട്ടികൾ വീട്ടിൽ ഉറങ്ങിക്കിടക്കവേ ഒരു സംഘം മോഷ്ടാക്കൾ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് മോഷണം നടത്തി. വീടിനുള്ളിൽ അവർ കേവലം അഞ്ച് മിനിറ്റ് മാത്രമാണ് നിന്നതെങ്കിലും ആ ചുരുങ്ങിയ നിമിഷം കൊണ്ട് അവർ ഞങ്ങളിൽ നിന്നും ഒരുപക്ഷെ വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളെക്കാൾ മൂല്യമുള്ള ഒന്ന് തട്ടിയെടുത്തു.ഞങ്ങളുടെ സുരക്ഷിതത്വം. കഴിഞ്ഞ രാത്രിയിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മോഷണം നടന്നത്. ആ സമയം ഞങ്ങൾ വീട്ടിലുണ്ടായിരിക്കില്ല എന്നവർക്ക് അറിയാം. സംഭവം അറിഞ്ഞതോടെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചുകാണുമോ എന്ന് ആധി പിടിച്ചുകൊണ്ടാണ് ഞാനും ഭാര്യയും വീട്ടിലേക്ക് എത്തിയത്. സ്വന്തം മക്കൾക്ക് സംരക്ഷണമൊരുക്കാൻ പിതാവിന് സാധിക്കാതെ വരിക എന്നതിനേക്കാൾ വലിയ ദുരവസ്ഥ വേറെയില്ല. കഴിഞ്ഞ രാത്രി എനിക്കുണ്ടായ അനുഭവം മാറ്റൊരാൾക്കുമുണ്ടാകരുത്.' - പോഗ്ബ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
advertisement
അതേസമയം, പ്രീ ക്വാർട്ടർ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് ജയിക്കാൻ യുണൈറ്റഡിന് കഴിഞ്ഞില്ല. എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ അവർ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തു. ആദ്യ പാദത്തിൽ 1-1 എന്ന നിലയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ ഒരു ഗോളിന് ജയിച്ചതോടെ അവർ ഇരുപാദങ്ങളിലുമായി 2-1ന്റെ യുണൈറ്റഡിനെ പിന്നിലാക്കി ക്വാർട്ടർ പ്രവേശനം നേടുകയായിരുന്നു.