Kerala Blasters | 'കേറി വാടാ..മക്കളെ'; ഗോഡ്ഫാദറിലെ അഞ്ഞൂറാനായി മഞ്ഞപ്പടയെ ഗോവയിലെ ഫൈനലിന് ക്ഷണിച്ച് ഇവാൻ - വീഡിയോ

Last Updated:

ബ്ലാസ്റ്റേഴ്സിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശാൻ അഞ്ഞൂറാനായി ആറാടിക്കൊണ്ട് ആരാധകരെ ക്ഷണിച്ചത്.

ഐഎസ്എല്ലിലെ (ISL 2021-22) ആവേശകരമായ സെമി പോരാട്ടത്തിൽ ലീഗ് ഘട്ട ജേതാക്കളായ ജംഷഡ്‌പൂർ എഫ്‌സിയെ (Jamshedpur FC) മറികടന്ന് ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ, കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ആരാധക കൂട്ടായ്മയായ 'മഞ്ഞപ്പടയെ' (Manjappada) ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനായി ക്ഷണിച്ച് പരിശീലകനായ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). മലയാളത്തിലെ ഹിറ്റ് ചിത്രമായ ഗോഡ്ഫാദറിലെ (Godfather Movie) അഞ്ഞൂറാനായാണ് ഇവാൻ ആരാധകരെ ഫൈനലിനായി ക്ഷണിച്ചത്.
'ഒരിടവേളയ്ക്ക് ശേഷമാണ് നമ്മൾ വീണ്ടും ഫൈനൽ കളിക്കുന്നത്. ഗോവയിൽ നടക്കുന്ന ഫൈനൽ മത്സരം കാണാനായി ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. കേറി വാടാ..മക്കളെ' - ബ്ലാസ്റ്റേഴ്സിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശാൻ അഞ്ഞൂറാനായി ആറാടിക്കൊണ്ട് ആരാധകരെ ക്ഷണിച്ചത്.
advertisement
ഇന്നലെ ജംഷഡ്‌പൂരിനെതിരായ മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും, ആരാധകരെ ഫൈനലിനായി ക്ഷണിക്കുകയാണെന്ന് ഇവാൻ പറഞ്ഞിരുന്നു. ആരാധകരെ കാത്തിരിക്കുകയാണെന്നും അവരെ സാക്ഷി നിർത്തി ഫൈനലിൽ കളിക്കാനിറങ്ങുന്നതിന്റെ സന്തോഷവും ഇവാൻ പങ്കുവെച്ചിരുന്നു.
Also read- ISL Final | 'മഞ്ഞപ്പടയെ' ഫറ്റോർദയിലേക്ക് ക്ഷണിച്ച് ഇവാൻ; ഫൈനലിനുള്ള ടിക്കറ്റുകൾ എങ്ങനെ ലഭിക്കും? കിട്ടാനുള്ള വഴികൾ
ആരാധകരുടെ നടുവിൽ കളിക്കാൻ കഴിയുന്നത് താരങ്ങൾക്കും സന്തോഷമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. 'കഴിഞ്ഞ രണ്ടു സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ നിറം മങ്ങിയ പ്രകടനങ്ങൾ ആരാധകർക്ക് നിരാശ നൽകിയിരുന്നു. അതിനുശേഷം ഈ സീസണിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയെങ്കിലും അവർക്കത് നേരിട്ട് ആസ്വദിക്കാനായില്ല. ഇപ്പോഴിതാ ഫൈനലിൽ അതിനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്. സ്റ്റേഡിയത്തിൽ ആ പഴയ മഞ്ഞക്കടൽ കാണാനായി ഞങ്ങൾ കാത്തിരിക്കുകയാണ്.' - ഇവാൻ പറഞ്ഞു.
advertisement
ഫുട്ബോൾ കളിക്കുന്നത് ആരാധകർക്ക് വേണ്ടിയാണെന്നും അവരുടെ സാന്നിധ്യമാണ് ടീമിന് കൂടുതൽ ഊർജം നൽകുന്നതെന്നും അവരുടെ മുന്നിൽ കളിക്കുന്നത് മികച്ച അനുഭവമാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. ‘സത്യത്തിൽ നമ്മൾ ഫുട്ബോൾ കളിക്കുന്നത് തന്നെ ആരാധകർക്ക് വേണ്ടിയാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് തന്നെ ഒരു സുഖമില്ലാത്ത പരിപാടിയാണ്. കാണികൾക്ക് മുന്നിൽ കളിക്കുന്നതു തന്നെ ഒരു അനുഭവമാണ്. ടീമിനാകെ അധിക ബലം നൽകുന്ന ഒരു ഘടകം തന്നെയാണത്. ടീമിന് വേണ്ടി ഈ ജഴ്സിയിൽ പൊരുതാനുള്ള അധിക പ്രചോദനവും നൽകും.’ – ഇവാൻ പറഞ്ഞു.
advertisement
Also read- ISL | കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; വാസ്‌കോയില്‍ വമ്പ്കാട്ടി മഞ്ഞപ്പട
‘ഫൈനലിൽ ഈ ആരാധകക്കൂട്ടത്തിന് മുന്നിൽ കളിക്കാൻ അവസരം ലഭിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. ഫൈനൽ കാണാനായി അവരിൽ പലരും പുറപ്പെട്ടുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഞായറാഴ്ച ഫറ്റോർദയിൽ ആരാധകരെ നേരിൽ കാണാനായി കാത്തിരിക്കുന്നു. ഇതൊക്കെയാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യം. ആരാധകരെ നേരിൽ കാണാനും അവർക്കായി കിരീടം നേടുവാനുമാണ് ആവേശത്തോടെ ഞങ്ങൾ കാത്തിരിക്കുന്നത്. ടീമിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന അവർ തീർച്ചയായും ഒരു കിരീടം അർഹിക്കുന്നുണ്ട്.' - ഇവാൻ പറഞ്ഞു.
advertisement
ഞായറാഴ്ച വൈകീട്ട് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. ഫൈനലിന് കാണികൾക്ക് പ്രവേശനം അനുവദിച്ചതോടെ അവരും ആവേശത്തിലാണ്. ഫൈനലിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ലഭ്യമായുള്ള ടിക്കറ്റുകളിൽ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. എടികെ മോഹൻ ബഗാൻ –ഹൈദരാബാദ് എഫ്‌സി ടീമുകൾ തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters | 'കേറി വാടാ..മക്കളെ'; ഗോഡ്ഫാദറിലെ അഞ്ഞൂറാനായി മഞ്ഞപ്പടയെ ഗോവയിലെ ഫൈനലിന് ക്ഷണിച്ച് ഇവാൻ - വീഡിയോ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement