എന്നാല്‍ ഇന്നലെ മുഹമ്മദ് ഷമിയെന്ന ഇന്ത്യന്‍ താരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കളത്തിലിറങ്ങിയപ്പോള്‍ ഗാലറിയുടെ മട്ടുമാറി. ഒരേ താളത്തില്‍ ഒരേ സ്വരത്തില്‍ അവിടെ ആരവമുയര്‍ന്നു. ഷമി..ഷമി... ഏന്ന് ഉയര്‍ന്നും താണും ഈണത്തിലുള്ള ആ ആരവം താഴെ കളിക്കളത്തില്‍ ഷമിയുടെ ഹൃദയത്തില്‍ തൊടുന്നതായിരുന്നു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഷമിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ആക്രമണം അരങ്ങേറിയത്. ഇതില്‍ ചിലത് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറിനെ വരെ ചോദ്യം ചെയ്യുന്നതായിരുന്നു. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നത്.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും മുഹമ്മദ് ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.
'മതത്തിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ അവര്‍ക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയില്‍ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. 200 ശതമാനം പിന്തുണ നല്‍കുന്നു. ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാകില്ല. ഇന്ത്യന്‍ നായകന്‍ എന്ന നിലയിലാണ് ഞാന്‍ ഈ ഉറപ്പു നല്‍കുന്നത്.'- കോഹ്ലി പറഞ്ഞു.
'നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതല്ലാതെ ഇക്കൂട്ടര്‍ക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതില്‍ ആനന്ദം കണ്ടെത്തുന്ന ആളുകളെ കാണുന്നതില്‍ സങ്കടമുണ്ട്.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മുന്‍ ക്രിക്കറ്റര്‍മാരായ വീരേന്ദര്‍ സേവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പഠാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. ബിസിസിഐയും താരത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.