2003, 2004 എന്നീ വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി ചാംപ്യന്‍ഷിപ്പില്‍ മുംബൈ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു പണ്ഡിറ്റ്. അതിന് ശേഷം വിദര്‍ഭ, മധ്യപ്രദേശ് ടീമുകള്‍ക്കും രഞ്ജിട്രോഫി ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം പരിശീലനം നല്‍കി.
ടി20 മത്സരമായ ഐപിഎല്‍ പണ്ഡിറ്റിന് അനുയോജ്യമാകുമോയെന്ന് വിമര്‍ശകര്‍ സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവരുടെ ചോദ്യങ്ങളെ അസ്ഥാനത്താക്കിയാണ് കെകെആറിന്റെ കിരീടനേട്ടമെന്നതും ശ്രദ്ധേയം. പരിശീലനത്തില്‍ തന്റേതായ രീതികള്‍ സ്വീകരിക്കുന്നയാളാണ് അദ്ദേഹം. വളരെ സൂക്ഷമതയോടെയാണ് അദ്ദേഹം കളിക്കാർക്ക് പരിശീലനം നല്‍കുന്നത്. ചില സമയങ്ങളില്‍ അദ്ദേഹം കളിക്കാരോട് പരുഷമായാണ് പെരുമാറുന്നതെന്ന് തോന്നുമെങ്കിലും എല്ലായ്‌പ്പോഴും അദ്ദേഹം കളിക്കാരോട് പ്രത്യേക താത്പര്യം നിലനിര്‍ത്തുന്ന വ്യക്തിയാണ്.
advertisement
മുന്‍ കെകെആര്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസ് ചന്ദ്രകാന്തിന്റെ പരിശീലന രീതി കഠിനമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ''ടീമിലെ സാഹചര്യം വളരെയധികം മാറിയതിനാല്‍ കളിക്കാരെല്ലാം നിരാശരാണ്. ഇന്ത്യയില്‍ പേരുകേട്ട അദ്ദേഹം തികച്ചും കഠിനപരിശീലനമാണ് കളിക്കാര്‍ക്ക് നല്‍കുന്നത്. അതിനൊപ്പം കര്‍ശനമായ അച്ചടക്കമാണ് ടീമംഗങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്,'' വീസ് അടുത്തിടെ പറഞ്ഞിരുന്നു.
കെകെആറിന്റെ മുഖ്യ പരിശീലനകനായി ചന്ദ്രകാന്ത് ചുമതയേല്‍ക്കുമ്പോള്‍ വിജയം നേടുന്നതിനുള്ള ഘടകങ്ങളൊന്നും ടീമിനുണ്ടായിരുന്നില്ല. 2023 ഐപിഎല്‍ സീസണില്‍ ഏഴാമതായിരുന്നു കെകെആറിന്റെ സ്ഥാനം. എന്നാല്‍ 2024 സീസണില്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. കെകെആര്‍ മൂന്നാമത്തെ കപ്പ് ഉയര്‍ത്തിയിരിക്കുന്നു.
''ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ചിന്താ പ്രക്രിയ രൂപപ്പെടുത്തുന്നതില്‍ ക്യാപ്റ്റന്‍ അശോക് മങ്കാടിന് വലിയ പങ്കുണ്ട്. ചന്ദ്രകാന്ത് പണ്ഡിറ്റിന് 19 വയസ്സുള്ളപ്പോള്‍ അശോക് മങ്കാടാണ് മഫത്‌ലാല്‍ ക്ലബ് ടീമിനെ നയിക്കാന്‍ ആവശ്യപ്പെട്ടത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ക്യാപ്റ്റന്‍സിയില്‍ മഫത്‌ലാല്‍ വിജയിച്ചു,'' മുതിര്‍ന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ മകരന്ത് വൈന്‍ഗങ്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ചന്ദ്രകാന്ത് പണ്ഡിന്റെ പരിശീലനത്തിന് കീഴില്‍ അഞ്ച് രഞ്ജിട്രോഫി കിരീടങ്ങളാണ് നേടിയത്. മുംബൈ, മധ്യപ്രദേശ്, വിദര്‍ഭ എന്നീ ടീമുകള്‍ കിരീടം നേടുകയുണ്ടായി. ഇന്ത്യയിലെ മറ്റൊരു കോച്ചും ഇത്രയധികം ദേശീയ കീരിടങ്ങള്‍ നേടിയിട്ടില്ല, വൈന്‍ഗങ്കര്‍ പറഞ്ഞു.
എതിരാളിയുടെ ശക്തിയെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചും പഠിക്കാന്‍ അദ്ദേഹം സമര്‍ത്ഥനാണെന്ന് പ്രശസ്ത ക്രിക്കറ്റ് പരിശീലനകനായ വിലാസ് ഗോഡ്‌ബോലെ പറഞ്ഞു. ''ഓരോ ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൌളര്‍ക്കും വേണ്ടി അദ്ദേഹം തന്ത്രങ്ങള്‍ മെനയും. വളരെ അച്ചടക്കമുള്ള വ്യക്തിയാണ് അദ്ദേഹം. ജൂനിയര്‍ താരമായാലും മുതിര്‍ന്ന താരമായാലും അദ്ദേഹം ഒരാളെയും ഒഴിവാക്കില്ല,'' കുട്ടിക്കാലം മുതല്‍ ചന്ദ്രകാന്തിനെ അറിയുന്ന ഗോഡ്‌ബോലെ കൂട്ടിച്ചേര്‍ത്തു.