"ഈ ദിവസങ്ങളിൽ നിങ്ങൾ ടി20 ലോകകപ്പ് മത്സരങ്ങൾ കാണുന്നുണ്ടാകും. ഒരു മത്സരം കാണുമ്പോൾ നിങ്ങൾ ഒരു പ്രത്യേക കളിക്കാരനെ ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ജേഴ്സി മറ്റൊരു രാജ്യത്തിന്റേതാകാം, പക്ഷേ അവരുടെ പേര് കേൾക്കുമ്പോൾ അവർ നമ്മുടെ നാട്ടുകാരാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ആ കളിക്കാരൻ ഇന്ത്യൻ വംശജനാണെന്നതും തന്റെ കുടുംബം താമസമാക്കിയ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നതും ആ നിമിഷം നിങ്ങൾക്ക് ചെറിയൊരു സന്തോഷം നൽകുന്നു," പ്രധാനമന്ത്രി പറഞ്ഞു.
കാനഡയുടെ ക്രിക്കറ്റ് ടീമിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ കളിക്കാരുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടീം ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ പഞ്ചാബിലെ ഗുരുദാസ്‌പൂരിലും നവനീത് ധലിവാൽ ചണ്ഡീഗഡിലുമാണ് ജനിച്ചതെന്ന് അദ്ദേഹം പരാമർശിച്ചു.കൂടാതെ ഹർഷ് താക്കർ, ശ്രേയസ് മോവ എന്നിവർ കാനഡയ്ക്കും ഇന്ത്യയ്ക്കും അഭിമാനമായി മാറുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
advertisement
അമേരിക്കൻ ടീമിൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന നിരവധി കളിക്കാരുണ്ട്. അമേരിക്കൻ ടീം ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ ഗുജറാത്തിന്റെ അണ്ടർ-16, അണ്ടർ-18 ടീമുകൾക്കായി കളിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള സൗരഭ്, ഹർമീത് സിംഗ്, ഡൽഹിയിൽ നിന്നുള്ള മിലിന്ദ് കുമാർ എന്നിവരെല്ലാം അമേരിക്കൻ ടീമിന്റെ അഭിമാനമാണെന്നും മോദി പറഞ്ഞു.
ഒമാൻ ക്രിക്കറ്റ് ടീമിലെ പല കളിക്കാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കളിച്ചിട്ടുള്ളവരാണെന്നും ജതീന്ദർ സിംഗ്, വിനായക് ശുക്ല, കരൺ, ജയ്, ആശിഷ് എന്നിവരുടെ പേരുകൾ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.
ന്യൂസിലാൻഡ്, യുഎഇ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ടീമുകളിലും ഇന്ത്യൻ വംശജരായ കളിക്കാർ തങ്ങളുടേതായ ഇടം കണ്ടെത്തുന്നുണ്ട്. നിരവധി ഇന്ത്യൻ വംശജരായ താരങ്ങൾ ആ രാജ്യങ്ങൾക്ക് അഭിമാനം നൽകുന്നതോടൊപ്പം അവിടുത്തെ യുവാക്കൾക്ക് പ്രചോദനമായി മാറുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
