ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (Asian Cricket Council) യോഗത്തിന് ഇടയില്‍ ബിസിസിഐ (BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly), സെക്രട്ടറി ജയ് ഷാ (Jay Shah) എന്നിവരുമായി സംസാരിച്ചതായും റമീസ് രാജ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആദ്യം ഇരു ബോർഡുകൾ തമ്മിൽ സുഖപ്രദമായ ബന്ധം വളർത്തിയെടുക്കണം. ഇതിന് ശേഷം എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെന്ന് നോക്കാം. ഗാംഗുലിയും ജയ് ഷായുമായുള്ള കൂടിക്കാഴ്ച മൊത്തത്തിൽ നന്നായി നടന്നെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
advertisement
ദുബായിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പാകിസ്താൻ ആതിഥ്യം വഹിക്കുന്ന 2023 ഏഷ്യ കപ്പിനെ കുറിച്ചുള്ള ചർച്ചകളാണ് നടന്നെതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ് 2023 സെപ്റ്റംബറിൽ 50 ഓവർ ടൂർണമെന്റായി നടത്താനുള്ള അനുമതി നൽകിയതായും റമീസ് രാജ പറഞ്ഞു. ഈ ടൂർണമെന്റ് ഏകദിന ശൈലിയിൽ നടത്തിയാൽ അതേ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിലേക്ക് ഒരുങ്ങുന്ന ഏഷ്യൻ ടീമുകൾക്ക് മികച്ച തയാറെടുപ്പ് ആവുമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
Also read- 'ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അവിടെ തീരും'; റമീസ് രാജ
ടി20 ലോകകപ്പിൽ (T20 World Cup) ഒക്ടോബർ 24 ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് റമീസ് രാജയുടെ ഈ പ്രതികരണം. ജമ്മു കശ്മീരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐസിസി ടൂർണമെന്റ് ആയതിനാൽ പിന്മാറാൻ കഴിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ഈ ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ - പാക് പോരാട്ടം. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തി മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചാൽ അവരെ കാത്തിരിക്കുന്നത് ഒരു ബ്ലാങ്ക് ചെക്ക് ആണെന്ന് റമീസ് രാജ തന്നെ ഏതാനും ദിവസങ്ങൾ മുൻപ് പ്രഖ്യാപിച്ചിരുന്നു.