ഇന്റർഫേസ് /വാർത്ത /Sports / T20 World Cup | ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്: റമീസ് രാജ

T20 World Cup | ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്: റമീസ് രാജ

News18

News18

ഈ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. 24നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

  • Share this:

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനായാണ്. ഈ മാസം 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനുള്ള അവസരം കൂടിയാണ് അവരെ തേടി വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ഒരു ബ്ലാങ്ക് ചെക്ക് നല്‍കാമെന്നാണ് പാക് ക്രിക്കറ്റിന് ലഭിച്ച ഓഫര്‍. ഒരു ഇന്‍വെസ്റ്റര്‍ ചെക്ക് നല്‍കാമെന്ന് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ വ്യക്തമാക്കി.

'ഐസിസി നല്‍കുന്ന പണമാണ് പിസിബിയുടെ പ്രവര്‍ത്തനത്തിന്റെ 50 ശതമാനവും. ഐസിസിക്ക് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യ ഐസിസിക്ക് പണം നല്‍കുന്നത് അവസാനിച്ചാല്‍ പിസിബി തകരാനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം പാകിസ്ഥാന്‍ ഒരു രൂപപോലും ഐസിസിക്ക് നല്‍കുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റിനെ കൂടുതല്‍ ശക്തമാക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പിസിബിയുടെ ഇന്‍വസ്റ്ററില്‍ ഒരാള്‍ പാകിസ്ഥാന്‍ വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്' -റമീസ് രാജ പറഞ്ഞു.

ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.

അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക.

കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.

First published:

Tags: ICC T20 World Cup, India Vs Pakistan Cricket, Ramees Raja