”എന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അത് എങ്ങനെ ഇത്ര വേഗത്തിൽ കടന്നുപോയി എന്നോർത്ത് ഞാൻ അത്ഭുതപ്പെടുകയാണ്. 14 വർഷങ്ങൾ കഴിഞ്ഞു പോയതോർത്ത് അക്ഷരാർത്ഥത്തിൽ എനിക്ക് അമ്പരപ്പാണ്. ഐപിഎൽ കൂടി കണക്കിലെടുക്കുമ്പോൾ ഇത് ഏകദേശം 16 വർഷത്തെ യാത്രയാണ്. അത് വളരെ വേഗം കടന്നു പോയി. പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങൾ എത്ര വിക്കറ്റ് വീഴ്ത്തുന്നു, എത്ര റൺസ് സ്കോർ ചെയ്യുന്നു എന്നതിലല്ല കാര്യം. അവയെല്ലാം നിങ്ങൾ മറക്കും. ഒരു ടീമെന്ന നിലയിൽ നിങ്ങൾ സൃഷ്ടിക്കുന്ന നല്ല ഓർമകൾ മാത്രമേ നിങ്ങളോടൊപ്പം എന്നും ഉണ്ടാകൂ, എന്നാണ് അദ്ദേഹം പറഞ്ഞത്”, അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
Also read-‘തല’യുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ; ധോണിക്ക് 42-ാം ജന്മദിനം
”അദ്ദേഹം പറഞ്ഞതു പോലെ തന്നെ ഞാൻ പ്രവർത്തിച്ചു. അങ്ങനെയാകാൻ അദ്ദേഹം എന്റെ മനസു മാറ്റിയോ എന്ന് എനിക്കറിയില്ല. എന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഈ യാത്ര വളരെ വേഗത്തിലാണ് കടന്നു പോയതെന്ന് ഞാൻ തീർച്ചയായും കരുതുന്നു. പോയ നാളുകളിൽ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ കടന്നുപോയി എന്നും എനിക്കിപ്പോഴും അറിയില്ല”, ആർ അശ്വിൻ പറഞ്ഞു.
”എനിക്ക് പലരോടും വളരെയധികം നന്ദിയുണ്ട്. ഇത്രയും നാളത്തെ യാത്രയ്ക്കും ക്രിക്കറ്റ് എനിക്ക് നൽകിയ എല്ലാ കാര്യങ്ങൾക്കും ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ഇനിയും അത്തരം എത്ര നിമിഷങ്ങൾ എന്നെ തേടിയെത്തുമെന്ന് എനിക്കറിയില്ല, പക്ഷേ എന്ത് വന്നാലും ഞാൻ അത് പൂർണമായും ആസ്വദിക്കാൻ ശ്രമിക്കും”, അശ്വിൻ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് ക്രിക്കറ്റ് ജീവിതം വീണ്ടും പുനരാരംഭിച്ചപ്പോൾ ഇനിയങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം നന്നായി ആസ്വദിക്കാമെന്ന് സ്വയം തീരുമാനിച്ചിരുന്നു എന്നും അശ്വിൻ പറയുന്നു. ”കോവിഡിന് ശേഷം ക്രിക്കറ്റ് മൽസരങ്ങൾ വീണ്ടും തുടങ്ങിയപ്പോൾ, എന്തൊക്കെ സംഭവിച്ചാലും ഇനിയങ്ങോട്ടുള്ള എല്ലാ നിമിഷങ്ങളും ആസ്വദിക്കുമെന്ന് ഞാൻ സ്വയം തീരുമാനിച്ചു. ഞാൻ കളിക്കുകയാണെങ്കിലും പുറത്താകുകയാണെങ്കിലും വിരമിക്കുകയാണെങ്കിലും, അങ്ങനെ എന്തു സംഭവിച്ചാലും ഞാൻ അത് ആസ്വദിക്കും”, അദ്ദേഹം പറഞ്ഞു.