സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സമീപനം മാറ്റുമെന്നും ടീമിനകത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ട്വിറ്റീല്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സമീപനംപുന:പരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്മെന്റ് അറിയിച്ചു.
'ഇന്നത്തെ സംഭവവികാസങ്ങളുടെ പേരില്‍ ഞങ്ങളുടെ സമീപനത്തിലും സോഷ്യല്‍ മീഡിയയിലെ ടീമിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മത്സരത്തിന് ടീം തയ്യാറെടുക്കുകയാണ്. സോഷ്യല്‍ മീഡിയ മാനേജ്മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടന്‍ നിയമിക്കും. ഐപിഎല്‍ സീസണായതിനാല്‍ തന്നെ സ്ഥിരമായി അപ്‌ഡേഷനുകള്‍ വേണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. ഇതിനായി താത്കാലിക പരിഹാരം ഉടന്‍ കണ്ടെത്തും' രാജസ്ഥാന്‍ റോയല്‍സ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
advertisement
സഞ്ജു ടീം ബസ്സിലിരിക്കുന്ന ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് 'എത്ര സുന്ദരമായിരിക്കുന്നു' എന്ന അടിക്കുറിപ്പുമായാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ സഞ്ജുവിന്റെ മുഖത്ത് ഒരു നീല തലപ്പാവും ഒപ്പം കറുത്ത കണ്ണടയുമെല്ലാം അവര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിരുന്നു.
'സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ മനസിലാക്കാം, പക്ഷേ ഒരു പ്രൊഫഷണല്‍ ടീം പ്രൊഫഷണലായിത്തന്നെ പെരുമാറണം'- രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സഞ്ജു പറഞ്ഞു. ഇതിനുപിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ പല ട്രോളുകള്‍ക്ക് നേരെയും നേരത്തെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതിനുപിന്നാലെയാണ് ടീം ക്യാപ്റ്റനായ സഞ്ജു തന്നെ ട്രോളിനെതിരെ രംഗത്തുവന്നത്.
