ഒരാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗരവ് ഗാംഗുലിക്ക് (Sourav ganguly) പകരം ബിന്നിയെ ബിസിസിഐയുടെ 36-ാമത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലെത്തിയത്. എല്ലാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിനാല്‍ ഒരു സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് ഉണ്ടാകില്ല.
ആരാണ് റോജര്‍ ബിന്നി ?
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് റോജര്‍ മൈക്കല്‍ ഹംഫ്രി ബിന്നി. 1983-ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ ടീമിലെ അംഗമായിരുന്നു ബിന്നി. അവിടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും (18 വിക്കറ്റുകള്‍) അദ്ദേഹമാണ്. 1985-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോക സീരീസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം ഈ നേട്ടം (17 വിക്കറ്റുകള്‍) ആവര്‍ത്തിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം കര്‍ണാടകയെ ആണ് പ്രതിനിധീകരിച്ചത്. കൂടാതെ, ആംഗ്ലോ-ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെയാളും അദ്ദേഹം ആയിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റില്‍ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 72 ഏകദിനങ്ങളില്‍ നിന്നായി 77 വിക്കറ്റ് എടുത്തിട്ടുണ്ട്.
advertisement
എന്തുകൊണ്ട് റോജര്‍ ബിന്നി ?
സെക്രട്ടറി സന്തോഷ് മേനോന് പകരം ബിസിസിഐ എജിഎമ്മില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനം ലഭിക്കുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു.
''റോജര്‍ ഏറ്റവും മികച്ച ഒരു വ്യക്തിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു സമര്‍ത്ഥനാണ്. അദ്ദേഹം ഒരു ലോകകപ്പ് ഹീറോ കൂടിയാണ്. കൂടാതെ അദ്ദേഹത്തിന് ഒരു ഇമേജും ഉണ്ട്. മകന്‍ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യന്‍ ടീമില്‍ ഇടംനേടാനുള്ള തര്‍ക്കത്തിനിടെ അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചിരുന്നു,''. ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകൻ കൂടി ആയിരുന്നു റോജര്‍ ബിന്നി. ഈ ടീമില്‍ യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ഉണ്ടായിരുന്നു. ബംഗാള്‍ രഞ്ജി ട്രോഫി ടീമിനും അദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്.
ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ ശേഷം, ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ട ചുമതല ബിന്നിക്കായിരിക്കും. ജയ് ഷാ ആണ് ബിസിസിഐ സെക്രട്ടറിയാകുക. ഐപിഎല്‍ 2023 സംഘടിപ്പിക്കുക, ക്രിക്കറ്റിനെ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുവരിക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചില പ്രധാന ചുമതലകൾ.