Kapil Dev | 'സമ്മർദമുണ്ടെങ്കിൽ കളിക്കാതിരിക്കുന്നതാണ് നല്ലത്'; കപിൽ ദേവിന്റെ പ്രസ്താവന വിവാദം; വൻ വിമർശനം
- Published by:Amal Surendran
- news18-malayalam
Last Updated:
ഇന്നത്തെ കുട്ടികൾ പോലും സമ്മർദ്ദം അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നുവെന്നും അതിന്‍റെ പിന്നിലെ യുക്തി എന്താണെന്ന് മനസിലായിട്ടില്ലെന്നും കപിൽ ദേവ്.
ക്രിക്കറ്റ് താരങ്ങൾക്ക് സമ്മർദം ഉണ്ടാവുന്നത് കളിയോട് അഭിനിവേശമില്ലാത്തതു കൊണ്ടാണെന്നും അത്തരക്കാർ കളിക്കാതിരിക്കുന്നതാണ് നല്ലതെന്നുമുള്ള കപിൽ ദേവിന്റെ (Kapil Dev) പ്രസ്താവന വിവാദമാകുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ ആരാധകർക്കിടയിൽ നിന്നു പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉയരുന്നുണ്ട്. 'ചാറ്റ് വിത്ത് ചാംമ്പ്യൻസ്' (Chat with Champions) എന്ന പരിപാടിക്കിടയിലായിരുന്നു കപിൽ ദേവിന്‍റെ വിവാദ പരാമർശം. 'പ്രഷർ', 'ഡിപ്രഷൻ' എന്നിവ എന്താണെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും അവ അമേരിക്കൻ വാക്കുകളാണെന്നുമാണ് കപിൽ ദേവ് പറഞ്ഞത്.
താരങ്ങൾക്ക് സമ്മർദം ഉണ്ടാവുന്നുണ്ടെങ്കിൽ അവർ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും ആസ്വദിച്ചാണ് കളിക്കുന്നതെങ്കിൽ ഒരു തരത്തിലുള്ള സമ്മർദവും അനുഭവപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കുട്ടികൾ പോലും സമ്മർദ്ദം അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നുവെന്നും അതിന്‍റെ പിന്നിലെ യുക്തി എന്താണെന്ന് മനസിലായിട്ടില്ലെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.
കപിൽ ദേവിന്റെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കപിൽ ദേവ് ക്രിക്കറ്റിനു നൽകിയ സംഭാവനകൾക്കു നന്ദിയുണ്ടെന്നും എന്നാൽ ഇത്തരം പ്രസ്താവനകളോട് യോജിക്കാനാകില്ലെന്നും ചിലർ പറയുന്നു. തനിക്ക് ഒരു കാര്യം മനസിലായിട്ടില്ല എന്നാൽ, അത്തരമൊന്ന് ഇല്ലെന്നാണോ അർത്ഥമാക്കുന്നത് എന്നും ചിലർ ചോദിക്കുന്നു.
advertisement
തുടർച്ചയായ മത്സരങ്ങളും തോൽവികളും തങ്ങളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്ന് വിരാട് കോലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ മുൻപ് തുറന്നു പറഞ്ഞിരുന്നു.
1983- ലെ ലോകകപ്പിൽ ഇന്ത്യയെ നയിച്ചത് കപിൽ ദേവായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം രാത്രിയില്‍ ഭക്ഷണം പോലും കഴിക്കാതെയാണ് താനടക്കമുള്ള താരങ്ങൾ ഉറങ്ങിയതെന്ന് കപിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ കഥ പറയുന്ന '83' എന്ന സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു വെളിപ്പെടുത്തൽ. ക്ളൈവ് ലോയ്‌ഡിന്റെ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് വേദിയായത് ക്രിക്കറ്റിലെ ചരിത്ര പ്രസിദ്ധമായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ആയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലിൽ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച കപിലും സംഘവും ലോകത്തെ വിസ്മയിപ്പിച്ചു. വിൻഡീസിനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആ വിജയം മതിമറന്ന് ആഘോഷിച്ചതായും രാത്രി വൈകുവോളം ഇതു തുടര്‍ന്നതായും കപില്‍ പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുമ്പോളാണ് മുഴുവന്‍ റെസ്റ്റോറന്റുകളും അപ്പോഴേക്കും അടച്ചിരുന്നുവെന്ന യാഥാര്‍ഥ്യം മനസിലായത്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ ഉറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഒഴിഞ്ഞ വയറോടെ കിടന്നുറങ്ങുവാൻ ആർക്കും തന്നെ നിരാശയോ വിഷമമോ ഉണ്ടായിരുന്നില്ല. ലോകകപ്പ് നേടി ഇന്ത്യ ചരിത്രം കുറിച്ച ആ നിമിഷം മാത്രമായിരുന്നു എല്ലാവരുടെയും മനസുകളിൽ നിറഞ്ഞു നിന്നിരുന്നതെന്നും കപിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kapil Dev | 'സമ്മർദമുണ്ടെങ്കിൽ കളിക്കാതിരിക്കുന്നതാണ് നല്ലത്'; കപിൽ ദേവിന്റെ പ്രസ്താവന വിവാദം; വൻ വിമർശനം