ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ആരാകും രോഹിത് ശർമയുടെ കൂടെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുക എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. രോഹിതിന് പങ്കാളിയാവാൻ ടീമിൽ മൂന്ന് താരങ്ങളാണുള്ളത്. ശുഭ്മാൻ ഗില്‍,കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നീ മൂന്ന് താരങ്ങളിൽ ആർക്കാവും നറുക്ക് വീഴുക എന്നത് വ്യക്തമായിട്ടില്ല. ഇപ്പോഴിതാ രോഹിതിനൊപ്പം ആര് ഓപ്പണറാവണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. നേരത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടുതൽ വിജയസാധ്യത ന്യുസിലൻഡിന് ആണെന്ന് പറഞ്ഞു താരം രംഗത്ത് വന്നിരുന്നു. രോഹിത്തിനൊപ്പം യുവതാരമായ ശുഭ്മാൻ ഗില്‍ ഓപ്പണറാവണമെന്നു പറഞ്ഞ യുവി ഇംഗ്ലണ്ടില്‍ ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും യുവരാജ് പ്രതികരിച്ചു.
advertisement
'രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ഓപ്പണര്‍മാരാവണം. ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ എന്തൊക്കെ വെല്ലുവിളിയാകും നേരിടേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകൾ തുടക്കം മുതല്‍ സ്വിങ് ചെയ്യാന്‍ തുടങ്ങും. അതിനാൽ തന്നെ ഇത് മുൻകൂട്ടി കണ്ടുകൊണ്ട് സാഹചര്യവുമായി വേഗത്തില്‍ പൊരുത്തപ്പെടാനുള്ള ശ്രമം നടത്തണം. സാഹചര്യത്തനൊപ്പിച്ചു കളിക്കാനായാൽ മാത്രമേ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ.'- മുൻ ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.
ഇന്ത്യക്കും മികച്ച ബൗളർമാർ ഉണ്ടെങ്കിലും എതിരെ കളിക്കുന്ന ന്യുസിലൻഡ് ടീമിലെ ബൗളർമാരും മികച്ച താരങ്ങൾ ആണെന്നതിനാലും ഡ്യൂക്‌സ് പന്തിൽ കളിച്ചു പരിചയമുള്ളതിനാൽ അവർക്ക് പിച്ചിൽ നിന്നും ലഭിക്കുന്ന പിന്തുണ വച്ച് പന്ത് കൂടുതൽ സ്വിങ് ചെയ്യിക്കാനാകും. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ ലോകോത്തര ബൗളർമാരെ അവർക്ക് പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നേരിടുക എന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. മികച്ച തുടക്കം ലഭിച്ചത് മാത്രമേ ഇന്ത്യക്ക് മത്സരത്തിൽ മേധാവിത്വം നേടാൻ കഴിയുകയുള്ളൂ. അതിനാൽ ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനാമാകും മത്സരത്തിൽ ഇന്ത്യയുടെ വിധി നിർണയിക്കുന്നതിൽ നിർണായകമാവുക.
ശുഭ്മാന്‍ ഗില്ലിനേക്കാള്‍ പരിചയസമ്പത്ത് മായങ്ക് അഗര്‍വാളിനും കെ എല്‍ രാഹുലിനുമുണ്ട്. പക്ഷെ അടുത്തിടെ ഇന്ത്യ കളിച്ച മത്സരങ്ങളിൽ ഇവർക്ക് ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഇന്ത്യ 2-0ന് നാണം കെട്ട ന്യൂസീലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച മായങ്ക് ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലും രോഹിതിന്റെ പങ്കാളി ഗില്ലായിരുന്നു. അതിനാല്‍ത്തന്നെ ശുഭ്മാന്‍ ഗില്ലിന് തന്നെയാവും ഇന്ത്യ പരിഗണന നൽകുക എന്നതാണ് സൂചനകൾ. രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. സ്പിന്നിനെതിരെ ദൗർബല്യമുള്ള ന്യുസിലൻഡിനെതിരെ ഇംഗ്ലണ്ടിലും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോയേക്കും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജിനെ ഇന്ത്യ പേസ് നിരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇഷാന്ത് ശര്‍മയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കും.
Summary
Yuvraj Singh suggests Shubhman Gill as opening partner for Rohith Sharma in the WTC Final