രണ്ടാം ദിനം ഇടയ്ക്കിടെ മഴ തടസ്സപ്പെടുത്തിയിരുന്നു. വെളിച്ചക്കുറവ് മൂലവും മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നേരത്തെ മികച്ച രീതിയില്‍ തുടങ്ങിയതിന് ശേഷമാണ് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപെടുന്നത്. 107 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളുടെ സഹായത്തോടെ 36 റണ്‍സെടുത്ത് നില്‍ക്കവെ ഒലി റോബിന്‍സന്റെ പന്തില്‍ ബൗണ്ടറിക്കരികെ സാം കറന്റെ ക്യാച്ചിലാണ് രോഹിത് ശര്‍മ്മ മടങ്ങിയത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വരവേ രോഹിത് ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ദിവസത്തെ കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ തന്റെ പുറത്താകലിനെ ന്യായീകരിച്ച് രോഹിത് ശര്‍മ്മയും രംഗത്തെത്തി. എതിരാളികള്‍ വളരെ അച്ചടക്കത്തില്‍ പന്തെറിയുകയായിരുന്നുവെന്നും അത് കൊണ്ടു തന്നെ റണ്‍സ് വരണമെങ്കില്‍ നമ്മള്‍ നമ്മുടെ ഷോട്ടുകള്‍ തന്നെ കളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
'നിങ്ങള്‍ പറയുന്നതു പോലെ അതെന്റെ ഷോട്ടുകളാണ്. അതിനാല്‍ എനിക്ക് അത് കളിക്കണം. ആദ്യ മണിക്കൂറില്‍ മോശം ബോളുകളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അവരുടെ ബോളര്‍മാര്‍ മികച്ച അച്ചടക്കമുള്ളവരാണ്. അതിനാല്‍ ഷോട്ട് കളിക്കാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരം മുതലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കണം. കാരണം അവരുടെ ബോളര്‍മാര്‍ക്ക് മികച്ച അച്ചടക്കമുള്ളതിനാല്‍ നിങ്ങള്‍ക്ക് പഴുതുകളൊന്നും ലഭിക്കില്ല. നിങ്ങളുടെ ഏരിയയില്‍ വരുന്ന പന്തുകള്‍ നിങ്ങള്‍ നന്നായി തന്നെ കളിക്കണം. അങ്ങനെയുള്ള ചിന്താ പ്രക്രിയയായിരുന്നു എനിക്കും രാഹുലിനുമുണ്ടായിരുന്നത്. ഷോട്ടുകളെടുക്കാന്‍ തോന്നുന്നുവെങ്കില്‍ ഞങ്ങള്‍ അതില്‍ നിന്ന് പിന്മാറാന്‍ പോകുന്നില്ല. അങ്ങനെ കളിച്ച് ഔട്ടാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ വിഷമം കാണും. എന്നാല്‍ പോസിറ്റീവ് ചിന്താഗതിയാണ് ഈ സമയത്ത് വേണ്ടത്. എനിക്കും അത് തന്നെയാണ് ഉണ്ടായിരുന്നത്. അത് ലഞ്ച് സമയമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എന്റെ ഏരിയയില്‍ പന്തു കണ്ടാല്‍ എനിക്ക് കളിക്കണം.' രോഹിത് പറഞ്ഞു.