ധോണി ഈ സീസണിൽ ടീമിനെ നയിക്കില്ലെന്ന തീരുമാനം എപ്പോഴാണ് വന്നതെന്നാണ് ആരാധകർ ചിന്തിക്കുന്നത്. ഐപിഎൽ ടീം ക്യാപ്റ്റൻമാരുടെ ഗ്രൂപ്പ് ഫോട്ടോ പുറത്ത് വന്നപ്പോൾ ഇക്കാര്യം വ്യക്തമായിരുന്നു. ഫോട്ടോയിൽ റുതുരാജാണ് ചെന്നൈയെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത്. ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെയാണ് ചെന്നൈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എന്നാൽ കഴിഞ്ഞ സീസണിൻെറ അവസാനം തന്നെ ധോണി തനിക്ക് ചില സൂചനകൾ നൽകിയിരുന്നുവെന്ന് റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു. “കഴിഞ്ഞ സീസണിൽ തന്നെ മഹി ഭായ് എനിക്ക് ക്യാപ്റ്റൻസിയെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. റെഡിയായിരിക്കുക... ഇത് നിന്നെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസായി കരുതേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടീം ക്യാമ്പിൽ എത്തിയ ശേഷം അദ്ദേഹം എന്നെ ചില സുപ്രധാന ചർച്ചകളിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു,” എക്സിൽ പങ്കുവെച്ച വീഡിയോയിൽ റുതുരാജ് പറഞ്ഞു.
advertisement
ഫേസ്ബുക്കിൽ ധോണി ഈയടുത്ത് പങ്കുവെച്ച ഒരു പോസ്റ്റും ക്യാപ്റ്റൻസി ഒഴിയുന്നതിൻെറ സൂചനയായിരുന്നുവെന്ന് റുതുരാജ് പറഞ്ഞു. പുതിയ സീസണിൽ ചെന്നൈ ടീമിൽ പുതിയ റോളിലായിരിക്കും തന്നെ കാണാൻ പോവുകയെന്ന് ധോണി പോസ്റ്റ് ചെയ്തിരുന്നു. ഇത് ഒരു സാധാരണ പോസ്റ്റായാണ് താൻ പോലും കരുതിയത്. എന്നാൽ എല്ലാം അതിൽ വ്യക്തമായിരുന്നുവെന്ന് റുതുരാജ് പറഞ്ഞു.
ആർസിബിക്കെതിരെ ആദ്യമത്സരത്തിൽ ക്യാപ്റ്റനായി റുതുരാജ് ഇറങ്ങുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നേരത്തെ തൻെറ ഓപ്പണിങ് പങ്കാളിയായിരുന്ന ഫാഫ് ഡുപ്ലെസിസാണ് ആർസിബിയെ നയിക്കുന്നത്. മുൻ ചെന്നൈ ഓപ്പണർ ഡുപ്ലെസിസിനൊപ്പം റുതുരാജ് ടോസിടാൻ എത്തുന്നതും ആരാധകർക്ക് കാണാം.
ചെന്നൈയുടെ വിജയമന്ത്രം എന്താണെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ധോണി നയിച്ച അതേ പാതയിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഫീൽഡിൽ പ്രത്യേകമായി മാറ്റങ്ങളൊന്നും തന്നെ താൻ വരുത്താൻ പോകുന്നില്ലെന്ന് റുതുരാജ് വ്യക്തമാക്കി.
“ഇതെനിക്ക് അഭിമാനകരമായ കാര്യമാണ്. ഐപിഎൽ കരിയറിൻെറ തുടക്കം മുതൽ ചെന്നൈയെ പോലൊരു ടീമിനൊപ്പം തുടരാൻ സാധിക്കുന്നത് സന്തോഷകരമായ കാര്യമാണ്. ധോണിയെപ്പോലൊരു താരം എൻെറ ക്യാപ്റ്റൻസിയിൽ വിശ്വാസമർപ്പിക്കുന്നതും വലിയ കാര്യമാണ്. മുന്നോട്ടുള്ള പാതയിൽ ഏറെ വെല്ലുവിളകൾ നിറഞ്ഞ് നിൽക്കുന്നുണ്ടെന്ന് എനിക്കറിയാം,” റുതുരാജ് കൂട്ടിച്ചേർത്തു.
Also read-പുതിയ സീസണ്‍ പുതിയ റോൾ! അഭ്യൂഹങ്ങൾ പരത്തി ധോണിയുടെ പോസ്റ്റ്
കഴിഞ്ഞ മൂന്ന് സീസണുകളിലായി ചെന്നൈക്ക് വേണ്ടി റുതുരാജ് ഗംഭീര ഫോമിലാണ് കളിക്കുന്നത്. 2021 സീസണിൽ താരം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിച്ചതും റുതുരാജ് ആയിരുന്നു.