മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നിൽ എത്തേണ്ടതായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റിൽ മുഹമ്മദ് യാസിർ തൊടുത്ത ലോങ്ങ് റേഞ്ചർ നേപ്പാൾ ഗോൾ കീപ്പർ കിരൺ ലിംബു അവിശ്വസനീയമാം വിധം തട്ടിയകറ്റി. ഇതിൽ നിന്നും റീബൗണ്ട് ലഭിച്ച് അനിരുദ്ധ് ഥാപ്പ എടുത്ത ഷോട്ടും നേപ്പാളി ഗോളി തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 13ാ൦ മിനിറ്റിൽ ഇന്ത്യ വീണ്ടും ഗോളിന് അടുത്തെത്തി, യാസിർ ബോസ്കിലേക്ക് നൽകിയ ക്രോസ് മൻവീർ സിങ്ങിന് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഗോൾ വീണ്ടും അകന്ന് നിന്നു.
advertisement
പിന്നാലെ നേപ്പാൾ അവരുടെ ആദ്യ അവസരം ഒരുക്കിയെടുത്തു. 17ാ൦ മിനിറ്റിൽ വലതു വിംഗില്‍ നിന്ന് സുജാല്‍ ശ്രേസ്ത നല്‍കിയ ക്രോസ് ഗോളാക്കി മാറ്റാന്‍ പക്ഷെ അനന്ത തമാംഗിന് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യാസിറിന്‍റെ ക്രോസ് സ്വീകരിച്ച് സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലച്ചരട് പൊട്ടിക്കാതെ പിരിയുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി. പ്രതിരോധ താരം പ്രീതം കോട്ടലിന്റെ പാസില്‍ നിന്ന് ക്യാപ്റ്റൻ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി മത്സരത്തിൽ ലീഡ് നൽകിയത്. ആദ്യ ഗോൾ നേടിയതിന്റെ ആവേശം അടങ്ങും മുൻപ് തന്നെ ഇന്ത്യ തങ്ങളുടെ രണ്ടാം ഗോളും നേടി. ഛേത്രിയുടെ ഗോൾ വന്നതിന് പിന്നാലെ താനെ ഇന്ത്യ നടത്തിയ മുന്നേറ്റത്തിൽ യാസിറിന്‍റെ തന്നെ ക്രോസില്‍ സുരേഷ് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു. 79-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്താന്‍ ഉദാന്ത സിംഗിന് അവസരം ലഭിച്ചെങ്കിലും നേപ്പാള്‍ പ്രതിരോധ താരം രോഹിത് ചന്ദ് ഉദാന്ദയുടെ ഷോട്ട് മനോഹരമായി ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഒടുവില്‍ 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിയുടെ ഇഞ്ചുറി സമയത്ത് ഒരു മികച്ച ഒറ്റയാൻ മുന്നേറ്റത്തിലൂടെ ഇന്ത്യയുടെ മൂന്നാം ഗോളും നേടി ഗോള്‍പ്പട്ടിക പൂർത്തിയാക്കുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ ആദ്യ രണ്ട് മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി നിറം മങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ നേപ്പാളിനെയും മാലദ്വീപിനെയും തോല്‍പ്പിച്ചാണ് സാഫ് കപ്പിലെ ഇന്ത്യയുടെ പന്ത്രണ്ടാം ഫൈനലിന് യോഗ്യത നേടിയത്.
Also read- Sunil Chhetri | ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി
ഗോളെണ്ണത്തിൽ ഛേത്രി മെസ്സിക്കൊപ്പം
അന്താരഷ്ട്ര തലത്തിൽ ഗോൾ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി (Lionel Messi). ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഇരുവരും 80 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ (Pele) മറികടന്നിരുന്നു. ഇന്ത്യക്കായി 124 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സജീവ ഗോൾ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിൽക്കുന്നത്. 115 ഗോളുകളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (Cristiano Ronaldo).