ശ്രേയസ് അയ്യരോടൊപ്പം മികച്ച കൂട്ടുകെട്ടിൽ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയ സഞ്ജു, ശാർദൂൽ താക്കൂറിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിൻെറ അരികിൽ വരെയെത്തിച്ചു. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 റൺസാണ്. ടബരിസ് ഷംസിയുടെ ഓവറിൽ സഞ്ജു തകർത്തടിച്ചെങ്കിലും 9 റൺസിന് ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
മധ്യനിരയിൽ പിടിച്ച് നിന്ന് കളിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സഞ്ജു പറഞ്ഞു. ചില ഷോട്ടുകൾ പ്രതീക്ഷിച്ച പോലെ കളിക്കാൻ സാധിക്കാതിരുന്നത് നിരാശനാക്കി. എന്നാൽ അടുത്ത മത്സരത്തിൽ കൂടുതൽ കഠിന്വാധാനം ചെയ്യുമെന്നും ടീമിൻെറ വിജയത്തിനായി കൂടുതൽ സംഭാവന ചെയ്യാനാണ് ആഗ്രഹമെന്നും സഞ്ജു പറഞ്ഞു. മത്സരത്തിലെ തൻെറ പ്രകടനത്തിൽ പൂർണ സംതൃപ്തിയുണ്ടെന്നും മലയാളി ക്രിക്കറ്റർ കൂട്ടിച്ചേർത്തു.
advertisement
“മിഡിൽ ഓവറുകളിൽ കൂടുതൽ സമയം കളിക്കാൻ സാധിക്കുന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണ്. ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് കളിച്ചിരുന്നത്. എന്നാൽ ഒന്നു രണ്ട് ഷോട്ടുകൾ പ്രതീക്ഷിച്ച പോലെ കണക്ട് ചെയ്ത് കളിക്കാൻ കഴിഞ്ഞില്ല. അടുത്ത മത്സരത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്ത് തിരിച്ച് വരും,” സഞ്ജു പറഞ്ഞു. മത്സരം വിജയിക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് കളിച്ചതെന്നും ഷംസിയുടെ ഓവറായിരുന്നു റൺസ് സ്കോർ ചെയ്യാനായി മുന്നിൽ കണ്ടിരുന്നതെന്നും സഞ്ജു വെളിപ്പെടുത്തി.
“അവരുടെ ബോളർമാർ നന്നായി തന്നെയാണ് പന്തെറിഞ്ഞിരുന്നത്. എന്നാൽ ഷംസിയുടെ ഓവറിൽ മാത്രം അത്യാവശ്യം റൺസ് നേടാൻ നമുക്ക് സാധിച്ചിരുന്നു. അതിനാൽ അദ്ദേഹത്തിൻെറ ഓവർ ലക്ഷ്യമിട്ട് തന്നെയാണ് കാത്തിരുന്നത്. അവസാന ഓവർ ഷംസിയാണ് എറിയുകയെന്ന് അറിയാമായിരുന്നു. അവസാന ഓവറിൽ 24 റൺസ് വേണമെങ്കിൽ നാല് സിക്സർ വരെ അടിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മത്സരം വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീങ്ങിയത്. നല്ല പിന്തുണ മറ്റ് ബാറ്റർമാരിൽ നിന്നും ലഭിച്ചു,” സഞ്ജു പറഞ്ഞു.
ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജു ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ അഭിനന്ദിക്കാനും മറന്നില്ല. ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് മില്ലറെന്ന് സഞ്ജു പറഞ്ഞു. “ഞങ്ങൾ ചില മേഖലകളിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അറിയാം. പക്ഷേ എതിർ ടീമിലെ ബാറ്റർമാർ ആരെന്നും നമുക്ക് കൃത്യമായ ബോധ്യം വേണം. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാണ് ഡേവിഡ് മില്ലർ. അദ്ദേഹത്തിനെതിരെ പന്തെറിയുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഗ്രൌണ്ടിൻെറ സാഹചര്യങ്ങളും ടീമിനെ അൽപം ബുദ്ധിമുട്ടിച്ചു,” സഞ്ജു പറഞ്ഞു.