വിജയത്തോടെ സർവീസസ് എട്ടാം തവണ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. അതേസമയം ഏഴുതവണ ചാമ്പ്യന്മാരായ കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിൽ പശ്ചിമ ബംഗാളിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളം പരാജയപ്പെട്ടിരുന്നു. ഫൈനലിൽ കേരളം തോൽക്കുന്നത് ഇത് ഒമ്പതാം തവണയാണ്.
കളംനിറഞ്ഞു കളിച്ചിട്ടും കേരളത്തിന് എക്സ്ട്രാ ടൈമിൽ പിഴയ്ക്കുകയായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളം തന്നെയായിരുന്നു മുന്നിൽ. എന്നാൽ അവസരങ്ങൾ ഗോളാക്കിമാറ്റാൻ കേരളത്തിന് സാധിച്ചില്ല. വി. അർജുൻ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചതും, ഷിജിന് ലഭിച്ച സുവർണ്ണാവസരം ലക്ഷ്യം കാണാതെ പോയതും കേരളത്തെ പ്രതിരോധത്തിലാക്കി. സെമി ഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഒരു പരീക്ഷണവുമായാണ് പരിശീലകൻ ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്.
advertisement
രണ്ടാം പകുതിയിൽ കേരളം ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ മലയാളി താരങ്ങൾക്ക് കഴിഞ്ഞില്ല. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകളും കേരളത്തിന് വിനയായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ നേരിട്ടപ്പോഴും അഭിഷേക് പവാറാണ് സർവീസസിനായി വിജയഗോൾ നേടിയത്. 109-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി പവാർ സർവീസസിന്റെ കിരീടം ഉറപ്പിച്ചു. ഗോൾ വഴങ്ങിയ ശേഷം സമനിലയ്ക്കായി കേരളം സർവശക്തിയും ഉപയോഗിച്ച് പോരാടിയെങ്കിലും സർവീസസ് പ്രതിരോധം തീർക്കുകയായിരുന്നു.
