ഒരു ഷോയ്ക്കിടെ ഹിന്ദു ദൈവങ്ങളെ കുറിച്ച് അനാവശ്യ പരാമർശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് മുനവർ ഫറൂഖിക്കെതിരായ ആരോപണം. ഇതേത്തുടർന്ന് 2021 ജനുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഫറൂഖി മധ്യപ്രദേശിലെ ഇൻഡോർ ജയിലിൽ തടവുശിക്ഷയും അനുഭവിച്ചിരുന്നു. 2021 ജനുവരി ഒന്നിന് ഇൻഡോറിലാണ് ഈ വിവാദ കോമഡി ഷോ നടന്നത്.
Also read: സോഫ്റ്റ് സിഗ്നലിന്റെ ആവശ്യമില്ല; അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ICC
ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗഡിന്റെ മകൻ ഏകലവ്യ സിങ് ഗൗഡാണ് ഫറൂഖി ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കുറിച്ച് അനാവശ്യ തമാശകൾ പറയുന്ന ഒരു ഷോ താനും തന്റെ സുഹൃത്തുക്കളിൽ ചിലരും കണ്ടെന്നും പരിപാടി നിർത്തി വയ്ക്കാൻ സംഘാടകരെ നിർബന്ധിച്ചുവെന്നും ഗൗഡ് പരാതിയിൽ പറഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഫറൂഖിയും ഇയാൾക്കൊപ്പം ഷോ ചെയ്തിരുന്ന ചിലരും അറസ്റ്റിലായത്. മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ പ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിക്കുന്ന സെക്ഷൻ 295-എയും ഇവർക്കെതിരെ ചുമത്തിയിരുന്നു. ഇതിനു പുറമേ, കോവിഡ് -19 നിയന്ത്രണങ്ങൾക്കിടെ അനുമതിയില്ലാതെ ഷോ നടത്തിയതിനും ഫറൂഖിക്കും കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
ഫറൂഖിക്ക് ജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി, മതങ്ങൾ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനാപരമായ കടമയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് 2021 ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതി ഫാറൂഖിയെ ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് സുപ്രീം കോടതി ഫറൂഖിക്കെതിരായ എല്ലാ എഫ്‌ഐആറുകളും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് മാറ്റി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് മുനവർ ഫറൂഖിയുടെ ഇടക്കാല ജാമ്യം മൂന്നാഴ്ചത്തേക്ക് നീട്ടിയിരുന്നു.
ജാമ്യത്തിൽ പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷം, എഎൽറ്റി ബാലാജി, നടി കങ്കണ റണൗത്ത് അവതാരകയായെത്തിയ എംഎക്സ് പ്ലെയറിന്റെ റിയാലിറ്റി ഷോ ‘ലോക്ക് അപ്പ്’ എന്നിവയിലും ഫറൂഖി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഒരു റാപ്പർ കൂടിയാണ് മുനവർ ഫറൂഖി.