ദീൻദയാലും ടീമംഗങ്ങളായ മറ്റ് മൂന്ന് പേരും ടാക്സിയിലായിരുന്നു ഷില്ലോങ്ങിലേക്ക് യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്നു വന്ന 12-വീൽ ട്രെയിലർ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ട്രെയിലർ ഡിവൈഡറിൽ കയറി മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നു. ഗുവാഹത്തിക്ക് സമീപമുള്ള ഉംലി ചെക്പോസ്റ്റ് കഴിഞ്ഞാണ് അപകടമുണ്ടായത്.
ടാക്സി ഡ്രൈവർ അപകടസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ദീനദയാലിനെ അടുത്തുള്ള നോങ്‌പോ സിവിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അന്ത്യം.
advertisement
ദീനദയാലിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് ടീം അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രമേശ് സന്തോഷ് കുമാർ, അഭിനാഷ് പ്രസന്നജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഇവർ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ(NEIGRIHMS)ചികിത്സയിലാണ്.
Also Read-കേരളത്തിന്റെ അഭിമാനം അനിയൻ മിഥുൻ തായ്‌ലന്റിലേക്ക്; പ്രോ-വുഷു മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
മേഘാലയ സർക്കാരിന്റെ സഹായത്തോടെ ചാമ്പ്യൻസ്ഷിപ്പിന്റെ സംഘാടകരാണ് താരങ്ങളെ NEIGRIHMS ൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വിശ്വ ദീനദയാലിന്റെ മരണത്തിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു ആദരാഞ്ജലികൾ അർപ്പിച്ചു.
ദീനദയാലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പിതാവും കുടുംബവും ഗുവാഹത്തിയിൽ എത്തി. മൃതദേഹം എംബാം ചെയ്ത് സ്വദേശമായ ചെന്നൈയിലേക്ക് ഇന്ന് രാവിലെ കൊണ്ടുപോയി.
ദേശീയ മത്സരങ്ങളിൽ മെഡൽ നേടി ശ്രദ്ധേയനായ താരമായിരുന്നു വിശ്വ ദീനദയാൽ. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 27 ന് ഓസ്ട്രിയയിൽ നടക്കാനിരിക്കുന്ന ഡബ്ല്യൂടിടി യൂത്ത് ചാമ്പ്യൻസ്ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനിരിക്കുകയായിരുന്നു ഈ യുവതാരം.
