TRENDING:

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

Last Updated:

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.

advertisement
ന്യൂസലൻഡിനെ 96 റണസിന് തകർത്ത് മൂന്നാം ടി20 കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.
News18
News18
advertisement

മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വലമായ ഇന്നിംഗ്‌സാണ് ഇന്ത്യയെ ചരിത്ര സ്‌കോറിലേക്ക് നയിച്ചത്. ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണും അഭിഷേക് ശർമയും ആദ്യ രണ്ട് ഓവറുകളിൽ 12 റൺസ് മാത്രം നേടി പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം കണ്ടെത്തിയതോടെ ന്യൂസിലൻഡ് ബൗളർമാർ സമ്മർദ്ദത്തിലായി. ആദ്യ നാല് പന്തുകളിൽ റണ്ണെടുക്കാൻ സാധിച്ചില്ലെങ്കിലും അഞ്ചാം പന്തിൽ സിക്‌സറടിച്ചാണ് സഞ്ജു ഇന്ത്യയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു തുടങ്ങിയത്. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ഇരുവരും ആറ് ഓവറിൽ 92 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്‌കോർ എന്ന റെക്കോർഡ് ഇന്ത്യയുടെ പേരിൽ കുറിച്ചു.

advertisement

വെറും 18 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മ എട്ടാം ഓവറിൽ 21 പന്തിൽ 52 റൺസുമായി പുറത്തായി. ഇതിനുപിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. പക്വതയോടെ ബാറ്റ് വീശിയ സഞ്ജു 33 പന്തിൽ നിന്ന് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 46 പന്തിൽ എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 193.48 സ്ട്രൈക്ക് റേറ്റിൽ 89 റൺസാണ് സഞ്ജു നേടിയത്. ഇതോടെ ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജുവിന് സ്വന്തമായി. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ രണ്ടാം വിക്കറ്റിൽ ഈ സഖ്യം 105 റൺസ് കൂട്ടിച്ചേർത്തു. 12-ാം ഓവറിൽ തന്നെ ഇന്ത്യ 150 റൺസ് കടന്നിരുന്നു.

advertisement

പതിനാറാം ഓവറിലെ ആദ്യ പന്തിൽ ജെയിംസ് നീഷാമിനെ സിക്‌സറിന് ഉയർത്താനുള്ള ശ്രമത്തിനിടെ കോൾ മക്കോഞ്ചിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. തുടർന്ന് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായതും ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസ് നേടി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. തിലക് വര്‍മയാവട്ടെ (8) റൺസ് എുടുക്കാൻ ബുദ്ധിമുട്ടി.എന്നാൽ അവസാന നിമിഷം ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ടീമിനെ 250 കടത്തി. എട്ട് പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 26 റൺസാണ് ദുബെ അടിച്ചെടുത്തത്. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രചിൻ രവീന്ദ്ര, മാറ്റ് ഹെൻട്രി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഏഴ് ബൗളർമാരെയാണ് കിവി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യക്കെതിരെ പരീക്ഷിച്ചത്.

advertisement

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കിവീസിനെ പ്രതിരോധത്തിലാക്കിയതോടെ അവരുടെ മുൻനിര ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. 2.4 ഓവറിൽ 9 റൺസെടുത്ത ഫിൻ അലനെ അക്സർ പട്ടേലിന്റെ പന്തിൽ തിലക് വർമ്മ പിടികൂടിയതോടെയാണ് തകർച്ചയ്ക്ക് തുടക്കമായി. തൊട്ടുപിന്നാലെ ഒരു റണ്ണെടുത്ത രചിൻ രവീന്ദ്രയെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ നാല് ഓവറിൽ 32 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ന്യൂസിലൻഡ്. നാലാമനായി എത്തിയ ഗ്ലെൻ ഫിലിപ്സിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കിയതോടെ പവർപ്ലേയിൽ തന്നെ മൂന്ന് നിർണ്ണായക വിക്കറ്റുകൾ അവർക്ക് നഷ്ടമായി.

advertisement

ഏഴാം ഓവറിൽ മൂന്ന് റൺസ് മാത്രം എടുത്ത മാർക്ക് ചാപ്മാനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയതോടെ ന്യൂസിലൻഡ് 70 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. ഒരു വശത്ത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ടിം സെയ്ഫെർട്ട് ഉറച്ചുനിന്നെങ്കിലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. 26 പന്തിൽ നിന്ന് 52 റൺസെടുത്ത സെയ്ഫെർട്ടിനെ എട്ടാം ഓവറിലെ ആദ്യ പന്തിൽ വരുൺ ചക്രവർത്തി ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (35 പന്തിൽ 43) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ ഉയർത്തിയ വെല്ലുവിളി മറികടക്കാനായില്ല.  ന്യൂസിലൻഡ് നിരയിൽ ടിം സെയ്ഫെർട്ട്, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഡാരിൽ മിച്ചൽ (11 പന്തിൽ 17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ മാസ്മരിക പ്രകടനമാണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ നിർണ്ണായകമായത്. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
Open in App
Home
Video
Impact Shorts
Web Stories