കോവിഡ് പ്രോട്ടോകോളുകൾ പാലിക്കേണ്ടതിനാൽ ഇന്ത്യൻ സ്‌ക്വാഡ് ജൂൺ ആദ്യ വാരം തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ശേഷം മൂന്നു മാസത്തോളം ഇന്ത്യൻ സീനിയർ ടീമംഗങ്ങളെല്ലാം ഇംഗ്ലണ്ടിൽ ആയിരിക്കും. അതിനാൽ തന്നെ ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ ജൂനിയർ താരങ്ങളെ അയക്കാനാണ് ബി സി സി ഐ ലക്ഷ്യമിടുന്നത്. ഒരേ സമയം രണ്ട് ടീമുകളെ രണ്ടു രാജ്യങ്ങളിൽ പര്യടനത്തിനയക്കുന്ന തീരുമാനം ലോക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പെടുത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയൻ ടീമിന് അവരുടെ പ്രതാപകാലത്ത് സാധിക്കാത്ത കാര്യമാണ് ഇന്ത്യ ചെയ്യാൻ പോകുന്നത് എന്നെല്ലാം അഭിപ്രായങ്ങൾ വരുന്നുണ്ട്.
advertisement
എന്നാൽ ഇന്ത്യൻ ടീം രണ്ടു രാജ്യങ്ങളിൽ ഒരേ സമയം പര്യടനം നടത്തുന്നത് ഇതാദ്യമല്ല. 1998ല്‍ ഇന്ത്യ ഇങ്ങനെയൊരു പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഫലം ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. 1998ല്‍ സഹാറ കപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ ഒരേ സമയത്തു വന്നതോടെയായിരുന്നു ഇന്ത്യക്കു രണ്ടു ടീമുകളെ ഒരേ സമയം ഇത്തരത്തിൽ അയക്കേണ്ടി വന്നത്. മലേഷ്യയിലെ ക്വലാലംപൂരിലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്. പാകിസ്ഥാനെതിരെ നടന്ന സഹാറ കപ്പ് കാനഡയിൽ ആയിരുന്നു നടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം അജയ് ജഡേജ ക്യാപ്റ്റനായ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീമിലുണ്ടായിരുന്നു. സഹാറ കപ്പിലാവട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യന്‍ സംഘത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു.
Also Read- ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുന്നത് ദ്രാവിഡ് തന്നെ
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യ കാനഡയ്‌ക്കെതിരായ കളി ജയിച്ചിരുന്നു. എന്നാൽ ആന്റിഗ്വയുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടത് ഇന്ത്യക്കു തിരിച്ചടിയായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും നേരത്തേ പുറത്തായതോടെ ടീമിലുണ്ടായിരുന്ന സച്ചിന്‍, ജഡേജ, കുംബ്ലെ, റോബിന്‍ സിങ് എന്നിവരോടു ബി സി സി ഐ സഹാറ കപ്പിലെ ബാക്കി മത്സരങ്ങൾക്കായി ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ചു. എന്നാൽ പാകിസ്താന്‍ പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യുകയായിരുന്നു. നാലാമത്തെ കളിയിൽ ജഡേജ ഇറങ്ങിയെങ്കിലും അവസാന കളിയിലാണ് സച്ചിൻ എത്തുന്നത്. അപ്പോഴേക്കും പാകിസ്താൻ പരമ്പര 3-1ന് സ്വന്തമാക്കി. അവസാന മല്‍സരത്തില്‍ 77 റണ്‍സോടെ സച്ചിൻ തിളങ്ങിയിട്ടും ഇന്ത്യ മത്സരം തോറ്റു.
