ശ്രീലങ്കയില്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. നേരത്തേ തന്നെ ഇതേക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സംഘം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനും പിന്നീട് നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കും വേണ്ടി വിരാട് കോഹ്ലിക്കും സംഘത്തിനുമൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് ലങ്കന്‍ പര്യടനത്തിനുള്ള യുവ ടീമിനൊപ്പം ദ്രാവിഡിനെ അയക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.
'ഇന്ത്യന്‍ പരിശീലക സംഘം ഇംഗ്ലണ്ടിലായിരിക്കും. ഇന്ത്യ എ ടീമിലെ മിക്ക താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി അയക്കുന്നത് ടീമിന് ഗുണകരമായ കാര്യമാണ്. ദ്രാവിഡിനോട് യുവ താരങ്ങള്‍ക്കുള്ള അടുപ്പം അനുകൂല ഘടകമാണ്' എന്നും ബിസിസിഐ ഉന്നതന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Also Readഅടുത്ത മൂന്ന് ജന്മത്തിലും ഇന്ത്യൻ ജേഴ്സി അണിയാൻ ആഗ്രഹം ഉണ്ടെന്ന് സൗരവ് ഗാംഗുലിസീനിയര് ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യുവ താരങ്ങളെ വളര്‍ത്തിയെടുത്ത് കൊണ്ടുവന്ന ദ്രാവിഡിന്റെ ശ്രമങ്ങളാണ് ഇന്ത്യയുടെ റിസര്‍വ് നിരയുടെ കരുത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണം.
അതേസമയം, ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ യുവതാരങ്ങളായിരിക്കും ടീമില്‍ പ്രധാനമായും ഇടംപിടിക്കുക. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാല്‍ വിരാട് കോഹ്ലിക്ക് പുറമെ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖര്‍ ശ്രീലങ്കന്‍ പര്യടനത്തിലുണ്ടാവില്ല. കോഹ്ലിയുടെയും രോഹിത്തിന്റേയും അസാന്നിധ്യത്തില്‍ സീനിയര്‍ താരം ശിഖര്‍ ധവാന് ലങ്കയില്‍ ടീമിനെ നയിച്ചേക്കും. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുക. പരമ്പരയ്ക്കു മുമ്പ് ടീം നാട്ടിലും ലങ്കയിലും ക്വാറന്റീനില്‍ കഴിയുമെന്നാണ് വിവരം. ജൂലൈ 13, 16, 19 തിയ്യതികളിലായിരിക്കും ലങ്കയുമായുള്ള മൂന്ന് ഏകദിന മല്‍സരങ്ങള്‍. ടി20 മല്‍സരങ്ങള്‍ 22 മുതല്‍ 27 വരെ നടക്കും.
Also Read-
KL Rahul| ഫിറ്റ്നെസ് വീണ്ടെടുത്ത് കെ എൽ രാഹുൽ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരുംനേരത്തെ ശ്രിലങ്കയുമായുള്ള പരമ്പര പ്രഖ്യാപിച്ചതിന് ശേഷം ലങ്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ലങ്കന്‍ പര്യടനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഏതായാലും ദ്രാവിഡിനെ പരിശീലകനാക്കി ബിസിസിഐ പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.